ന്യൂഡല്‍ഹി: മണിപ്പുരിലെ വംശീയ സംഘര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷം നല്‍കിയ അവിശ്വാസപ്രമേയത്തിന് ലോക്സഭാസ്പീക്കര്‍ ഓംബിര്‍ള അവതരണനുമതി നല്‍കി. അസമിലെ കോണ്‍ഗ്രസ് എംപി ഗൗരവ് ഗോഗോയ് ആണ് ഇന്ത്യ മുന്നണിയിലുള്ളവരുള്‍പ്പെടെ 50 പേരുടെ പിന്തുണയോടെ അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്‍കിയത്. എന്നാല്‍ പ്രമേയം അവതരിപ്പിക്കുന്നതിന് സ്പീക്കര്‍ ദിവസം നിശ്ചയിച്ച് നല്‍കിയിട്ടില്ല. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഭരണകക്ഷിക്കെതിരായ 28-ാം അവിശ്വാസ പ്രമേയമാണ് ഇത്്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെതിരായ രണ്ടാമത്തേതും. രാജ്യത്തിന്റെ ചരിത്രത്തില്‍ ഒരു അവിശ്വാസ പ്രമേയം മാത്രമാണ് കേന്ദ്ര സര്‍ക്കാരിന്റെ പതനത്തിനിടയാക്കിയത്. 1979-ല്‍ മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് അന്ന് വീണത്. മോദി സര്‍ക്കാരിന്റെ അംഗ ബലമനുസരിച്ച് അവിശ്വാസ പ്രമേയം പരാജയപ്പെടുമെന്ന് ഉറപ്പാണ്. എന്നാല്‍ മണിപ്പുര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ വിശദമായ ചര്‍ച്ചയ്ക്ക് ഇത് ഇടവരുത്തുമെന്നും ഇതിലൂടെ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാമെന്നുമാണ് പ്രതിപക്ഷം കരുതുന്നത്.