ബംഗളുരു: സ്വീഡിഷ് കമ്പനിയുടെ ലോഗോ പതിച്ച പേപ്പര്‍ ബാഗിന് പണം വാങ്ങിയ സ്ഥാപനം, പരാതിക്കാരിക്ക് 3000 രൂപ പിഴയായി നല്‍കാന്‍ ബംഗളുരു ഉപഭോക്തൃകമ്മീഷന്‍ വിധി. സംഗീത ബോറ എന്ന ഉപഭോക്താവ് 2022 ഒക്ടോബറില്‍ നല്‍കിയ പരാതിയിലാണ് നടപടി. പേപ്പര്‍ കാരി ബാഗിനായി യുവതിയില്‍നിന്ന് 20 രൂപ ബംഗളുരുവിലെ ഐകിയയുടെ ഷോറൂം കൈപ്പറ്റി.
സ്വീഡിഷ് ഫര്‍ണിച്ചര്‍ സ്ഥാപനമായ ഐകിയയില്‍ നിന്ന വാങ്ങിയ സാധനങ്ങള്‍ കൊണ്ടുപോകാന്‍ ഇവര്‍ കാരി ബാഗ് ആവശ്യപ്പെട്ടു. ജീവനക്കാരന്‍ കാരി ബാഗ് നല്‍കി 20 രൂപ ചാര്‍ജ് ഈടാക്കി. കമ്പനിയുടെ ലോഗോ പതിച്ച ബാഗാണ് യുവതിക്ക് നല്‍കിയത്. വാങ്ങിയ സാധനങ്ങള്‍ സൂക്ഷിക്കാന്‍ നല്‍കിയ ബാഗിന് അധികമായി പണമടയ്ക്കേണ്ടി വന്നത് യുവതിയെ ചൊടിപ്പിച്ചു.
ഇത് ചോദ്യം ചെയ്യുകയും സാധനങ്ങള്‍ വാങ്ങുന്ന സമയത്ത് ഇതുസംബന്ധിച്ച അറിയിപ്പ് നല്‍കിയില്ലെന്ന് വ്യക്തമാക്കി. എന്നാല്‍ സ്ഥാപനത്തിന്റെ ഭാഗത്തുനിന്ന് അനുകൂല സമീപനമുണ്ടാകാതെ വന്നതോടെ യുവതി ഉപഭോക്തൃ കമ്മീഷനെ സമീപിച്ചു. സംഭവം പരിശോധിച്ച കമ്മീഷന്‍ യുവതിയുടെ ഭാഗത്ത് ന്യായമുണ്ടെന്ന് കണ്ടെത്തി.മാളുകളുടെയും വന്‍കിട സ്ഥാപനങ്ങളുടെയും ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം സമീപനങ്ങളില്‍ അനിഷ്ടം പ്രകടിപ്പിച്ച കമ്മീഷന്‍, യുവതിക്ക് നഷ്ടപരിഹാരമായി 3000 രൂപ നല്‍കാനും നിര്‍ദ്ദേശിച്ചു.