ന്യൂഡല്‍ഹി: അതിശൈത്യം മൂലം മൂടല്‍ മഞ്ഞ് കനത്തതോടെ ഡല്‍ഹിയില്‍ നിന്നുള്ള 84 വിമാന സര്‍വീസുകള്‍ റദ്ദാക്കി. കൊച്ചിയില്‍ നിന്നുള്ളത് ഉള്‍പ്പെടെ 168 വിമാനങ്ങള്‍ വൈകി. ശരാശരി ഒരു മണിക്കൂറാണ് വിമാനങ്ങള്‍ വൈകുന്നതെങ്കിലും പലപ്പോഴും 10 മണിക്കൂറിലേറെ കാത്തുനില്‍ക്കേണ്ടി വരുന്നതായി യാത്രക്കാര്‍ പറയുന്നു. ഡല്‍ഹി വഴിയുളള 18 ട്രെയിനുകളും മണിക്കൂറുകള്‍ വൈകിയാണ് ഓടുന്നത്. നെടുമ്പാശ്ശേരിയില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാന സര്‍വീസുകളും വൈകി. തിങ്കളാഴ്ച രാവിലെ ആറ് മണിക്കും 10.50നും പുറപ്പെടേണ്ട വിമാനങ്ങളും വൈകി. ഡല്‍ഹിയിലേയും കൊല്‍ക്കത്തയിലേയും മോശം കാലാവസ്ഥ സര്‍വീസുകളെ ബാധിക്കുമെന്ന് വിമാനക്കമ്പനികള്‍ അറിയിച്ചു. ഡല്‍ഹിയില്‍നിന്ന് കൊല്‍ക്കത്തയിലേക്ക് പുലര്‍ച്ചെ പുറപ്പെട്ട വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടതായി വിസ്താര എയര്‍ലൈന്‍സ് അറിയിച്ചു. മൂടല്‍ മഞ്ഞിനേത്തുടര്‍ന്ന് ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം അപകടകരമായി തുടരുകയാണ്. ശരാശരി താപനില 3 ഡിഗ്രി സെല്‍ഷ്യസിലേയ്ക്ക് താഴ്ന്നു. എയര്‍ഇന്ത്യയുടെ ഡല്‍ഹി-കൊച്ചി, കൊച്ചി-ദുബായ് വിമാനങ്ങള്‍ ഇന്നലെ ഏറെ വൈകി. മഞ്ഞിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യയുടെയും ഇന്‍ഡിഗോയുടെയും മറ്റു ചില വിമാനങ്ങളും വൈകിയിരുന്നു. അതിശൈത്യവും മൂടല്‍മഞ്ഞും മൂന്ന് ദിവസം തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.