കൊച്ചി: ഇ.ഡി ഭീഷണിപ്പെടുത്തിയെന്നും മാനസികമായി പീഡിപ്പിച്ചുവെന്നും സിപിഎം സംസ്ഥാന സമിതി യംഗവും കേരള ബാങ്ക് വൈസ് ചെയര്‍മാനുമായ എം.കെ.കണ്ണന്‍. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ഇഡിയുടെ ചോദ്യം ചെയ്യലിനുശേഷം മാദ്ധ്യമങ്ങളോടാണ് കണ്ണന്‍ ഇക്കാര്യമറിയിച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ നടന്ന ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യല്‍ ഏഴ് മണിക്കൂറോളം നീണ്ടു.കേസെടുക്കുമെന്നും ജയിലില്‍ പോകേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തി. അവര്‍ ഉദ്ദേശിക്കുന്ന ഉത്തരം നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തി. എന്നാല്‍ വഴങ്ങിയില്ല. സെപ്റ്റംബര്‍ 29ന് വീണ്ടും ഹാജരാകും. സതീഷ്‌കുമാറുമായി 30 വര്‍ഷത്തെ സൗഹൃദമാണുള്ളത്. സാമ്പത്തിക ഇടപാടില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്‍ എംഎല്‍എയായ കണ്ണന്‍ പ്രസിഡന്റായ തൃശൂര്‍ സഹകരണ ബാങ്കിലടക്കം ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. കേസിലെ പ്രധാന പ്രതി സതീഷ്‌കുമാര്‍, എം.കെ.കണ്ണന്‍ പ്രസിഡന്റായ തൃശൂര്‍ സഹകരണ ബാങ്കിലാണ് പല ബെനാമി ഇടപാടുകളും നടത്തിയിട്ടുള്ളതെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ചോദ്യം ചെയ്യല്‍.