ഇംഫാല്‍: മണിപ്പുരില്‍ സംഘര്‍ഷം രൂക്ഷമായി. കാന്റോ സബലില്‍ കുക്കി സായുധ സംഘം അഞ്ച് വീടുകള്‍ക്കു തീയിട്ടതായി ദേശീയമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അക്രമികളെ നേരിടുന്നതിനിടെ ഒരു കരസേനാജവാന് വെടിയേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ഈ ജവാനെ ലെയ്മഖോങ്ങിനെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്ന് ട്രൈബ് ലീഡേഴ്‌സ് ഫോറം ആവശ്യപ്പെട്ടു. ഇതിനിടെ സംഘര്‍ഷം നിയന്ത്രിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി മണിപ്പുര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗ് ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പ്രതിപക്ഷ പ്രതിനിധികള്‍ അഞ്ച്ദിവസമായി ഡല്‍ഹിയില്‍ തുടരുകയാണ്. ഇന്നലെ (ഞായര്‍) ഇംഫാല്‍ താഴ്വരയില്‍ സൈന്യം ഫ്‌ളാഗ് മാര്‍ച്ച് നടത്തി. ഇംഫാല്‍ ഈസ്റ്റ് ജില്ലയില്‍ ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മുതല്‍ വൈകുന്നേരം അഞ്ച് വരെ കര്‍ഫ്യു ഇളവുചെയ്തിരുന്നു. കുക്കി, മെയ്‌തെയ് വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് മേയ് 3 മുതല്‍ ഇംഫാലില്‍ കര്‍ഫ്യു നിലവിലുണ്ട്. ഇതുവരെ നൂറിലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഇന്റര്‍നെറ്റ് റദ്ദാക്കിയ നടപടി ജൂണ്‍ 20 വരെ തുടരും. വന്‍ അക്രമത്തിനു സാധ്യതയുണ്ടെന്ന രഹസ്യന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ സേന കടുത്ത ജാഗ്രത തുടരുകയാണ്. ഇംഫാലില്‍ രണ്ട് നിരകളിലായാണ് സുരക്ഷാ സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്.