തിരുവനന്തപുരം: കൈതമുക്കില്‍ ചിപ്സ് നിര്‍മ്മിക്കുന്ന കടയില്‍ ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.രണ്ടുപേര്‍ക്ക് പരിക്കേറ്റു. കട ഉടമ അപ്പു ആചാരിയാണ് മരിച്ചത്. കണ്ണന്‍ ചിപ്‌സ് എന്ന സ്ഥാപനത്തില്‍ ശനിയാഴ്ച വൈകിട്ട് 4.30 നായിരുന്നു അപകടം. തീപടര്‍ന്ന ഉടന്‍ അപ്പു ആചാരിയുടെ മകനും ജീവനക്കാരനും പുറത്തേയ്ക്ക് ഓടി. എന്നാല്‍, അപ്പു ആചാരി കടയ്ക്കുള്ളില്‍ വീണു പോയതിനാല്‍ രക്ഷപ്പെടാനായില്ല. കടയിലുണ്ടായിരുന്ന രണ്ടു സിലിണ്ടറുകളാണ് പൊട്ടിത്തെറിച്ചത്. സമീപത്തെ മെഡിക്കല്‍ ഷോപ്പിലേക്കും തീപടര്‍ന്നു. കടയില്‍ കൂടുതല്‍ സിലിണ്ടറുകള്‍ സൂക്ഷിച്ചിരുന്നതായി വിവരമുണ്ട്. ഇവ പെട്ടെന്ന് നീക്കിയതിനാലാണ് വന്‍ദുരന്തം ഒഴിവായത്. നാട്ടുകാരുടെ നേതൃത്വത്തില്‍ തീ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും അഗ്‌നിരക്ഷാസേനയെത്തിയശേഷമാണ് തീയണക്കാനായത്.