ബംഗളുരു: ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ മൂന്ന് ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചതായി ഐ.എസ്.ആര്‍.ഒ. അറിയിച്ചു. ഇന്ത്യന്‍ സമയം വൈകിട്ട് ഏഴുമണിയോടെ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിലെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ എന്‍ജിന്റെ സഹായത്തോടെയാണ് ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ വലയത്തിലേയ്ക്ക് പേടകത്തെ പ്രവേശിപ്പിച്ചത്. ഇതോടെ ചന്ദ്രയാന്‍ മൂന്ന് ചന്ദ്രനെ ഭ്രമണം ചെയ്തു തുടങ്ങി. അടുത്ത ദിവസങ്ങളില്‍ ഘട്ടംഘട്ടമായി പേടകത്തിന്റെ ഭ്രമണപഥം താഴ്ത്തിക്കൊണ്ടുവന്ന് ചന്ദ്രോപരിതലത്തിലേയ്ക്ക് അടുപ്പിക്കും. ഞായറാഴ്ച രാത്രി 11 മണിക്കാണ് വീണ്ടും ഭ്രമണപഥം താഴ്ത്തുന്നതെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. മൂന്ന് ആഴ്ചയ്ക്കിടെ അഞ്ച് തവണ ഭ്രമണപഥത്തില്‍ മാറ്റംവരുത്തിയാണ് ഭൂമിയില്‍നിന്ന് ചന്ദ്രയാന്‍ 3-നെ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തിച്ചത്. ചന്ദ്രനിലേയ്ക്കുള്ള ദൂരത്തിന്റെ മൂന്നില്‍ രണ്ടു ഭാഗം ഇതിനകം ചന്ദ്രയാന്‍ മൂന്ന് സഞ്ചരിച്ചു കഴിഞ്ഞു. ജൂലായ് 14-നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍നിന്ന് ചന്ദ്രയാന്‍ മൂന്ന് വിക്ഷേപിച്ചത്. ഓഗസ്റ്റ് ഒന്നോടെ ചന്ദ്രയാന്‍ മൂന്ന്, ഭൂമിയെ ഭ്രമണം ചെയ്യുന്നത് പൂര്‍ത്തിയാക്കുകയും ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കുള്ള യാത്ര ആരംഭിക്കുകയും ചെയ്തു.