തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പെഴ്സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യു കൈക്കൂലി വാങ്ങിയതായി പരാതി. മലപ്പുറം സ്വദേശി ഹരിദാസനാണ് പരാതിക്കാരന്. മകന്റെ ഭാര്യയ്ക്ക് മെഡിക്കല്‍ ഓഫീസര്‍ നിയമത്തിന് 5 ലക്ഷം രൂപ തവണകളായി നല്കാന് ആവശ്യപ്പെട്ടു. ഇടനിലക്കാരന് പത്തനംതിട്ട സ്വദേശിയും സിഐടിയു മുന്‍ ഓഫീസ് സെക്രട്ടറിയുമായ അഖില്‍ സജീവാണെന്നും പരാതിയിലുണ്ട്. ഒന്നേമുക്കാല്‍ ലക്ഷം രൂപ ഇരുവരും ചേര്‍ന്ന് കൈപ്പറ്റിയതായും പരാതിക്കാരന് പറയുന്നു. അഖില്‍ മാത്യു പണം വാങ്ങിയിട്ടില്ലെന്നും പരാതി അന്വേഷിക്കാന്‍ ഡിജിപിയോട് ആവശ്യപ്പെട്ടതായും ആരോഗ്യ മന്ത്രിയുടെ ഓഫീസ് പറയുന്നു. മന്ത്രിയുടെ ഓഫീസ് നല്കിയ പരാതി ഡിജിപിയുടെ ഓഫീസ് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് കൈമാറി. കന്റോണ്‍മെന്റ് പൊലീസ് അന്വേഷിക്കും. പരാതിലഭിച്ചപ്പോള്ത്തന്നെ സംഭവത്തില്‍ എന്തെങ്കിലും ഗൂഢാലോചന നടന്നോ എന്ന് പരിശോധിക്കാനും പൊലീസില്‍ പരാതി നല്‍കാനും നിര്‍ദ്ദേശിച്ചിരുന്നതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.അഖില്‍ മാത്യു തന്റെ ബന്ധുവാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച മന്ത്രി കുറ്റാരോപിതനെ തള്ളിപ്പറയാന്‍ തയ്യാറായിട്ടില്ല.