ഹാങ്‌ചോ: പുരുഷ ഹോക്കിയില്‍ ഇന്ത്യന്‍ ടീം സ്വര്‍ണ്ണം നേടി. ഇന്ത്യയുടെ 22-ാം സ്വര്‍ണ്ണമാണിത്. ഫൈനലില്‍ ജപ്പാനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ സ്വര്‍ണ്ണം നേടിയത്. ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ നാലാം പുരുഷ ഹോക്കി സ്വര്‍ണ്ണമാണിത്. ഇതിനുമുമ്പ് 1966, 1998, 2014 ഏഷ്യന്‍ ഗെയിംസുകളിലാണ് ഇന്ത്യ സ്വര്‍ണ്ണം നേടിയത്.മലയാളി താരം പി.ആര്‍. ശ്രീജേഷാണ് ഇന്ത്യയുടെ ഗോള്‍വല കാത്തത്. ഇന്ത്യയ്ക്ക് വേണ്ടി നായകന്‍ ഹര്‍മന്‍പ്രീത് സിംഗ് രണ്ട് ഗോള്‍ നേടി. മന്‍പ്രീത് സിംഗ്, രോഹിദാസ്, അഭിഷേക് എന്നിവരും വലകുലുക്കി. ജപ്പാനുവേണ്ടി തനാക സെറെന്‍ ആശ്വാസഗോള്‍ നേടി.
ഈ വിജയത്തോടെ ഇന്ത്യ പാരീസ് ഒളമ്പിക്സിന് നേരിട്ട് യോഗ്യത നേടി. ആറ് മത്സരങ്ങളില്‍ നിന്ന് ഇന്ത്യ 66 ഗോളുകളാണ് അടിച്ചത്. ഇന്ത്യ ഈ ഏഷ്യന്‍ ഗെയിംസില്‍ നേടുന്ന 22-ാം സ്വര്‍ണവും 95-ാം മെഡലുമാണിത്. ഇതോടെ ഇനി 9 ഫൈനലുകള്‍ ബാക്കിയുള്ള ഇന്ത്യ ഈ ഏഷ്യന്‍ ഗെയിംസില്‍ 100 മെഡലുകള്‍ നേടി ചരിത്രം കുറിക്കുമെന്നുറപ്പായി.