കൊല്ലം:സംസ്ഥാന സ്കൂള്‍ കലോത്സവം നാളെ (വ്യാഴം)മുതല്‍ അഞ്ച് ദിവസം കൊല്ലത്ത് നടക്കും. വ്യാഴാഴ്ച രാവിലെ പത്തിന് ആശ്രാമം മൈതാനത്തെ പ്രധാനവേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് കലോത്സവത്തിന് തിരി തെളിക്കും. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷനാകും.തുടര്‍ന്ന് കൊല്ലം നഗരത്തിലെയും ചുറ്റുവട്ടങ്ങളിലെയും 24 വേദികളില്‍ മത്സരങ്ങള്‍ അരങ്ങേറും. കലാസാഹിത്യ സാംസ്കാരികനായകരുടെ പേരുകളാണ് വേദികള്‍ക്ക് നല്‍കിയിരിക്കുന്നത്.
കൊല്ലം ഗവ. എല്‍.പി.സ്കൂളില്‍ രജിസ്ട്രേഷന് ഇന്നാരംഭിച്ചു. കലോത്സവത്തില്‍ ഒന്നാംസ്ഥാനം നേടുന്ന ജില്ലയ്ക്ക് നല്‍കാനുള്ള സ്വര്‍ണ്ണക്കപ്പും മത്സരവിജയികള്‍ക്ക് നല്‍കാനുള്ള 12,000 പുതിയ ട്രോഫികളും ഇന്ന് കൊല്ലത്ത് എത്തിച്ചു.
മത്സരാര്‍ത്ഥികള്‍ക്ക് കൊല്ലം നഗരത്തിലെ 23 സ്കൂളുകളിലാണ് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. കുട്ടികളെ വേദികളിലും ഭക്ഷണശാലകളിലും എത്തിക്കാന്‍ 30 സ്കൂള്‍ ബസുകള്‍ കലോത്സവ വാഹനങ്ങളാക്കി ഓടിക്കുന്നുണ്ട്. വേദികള്‍ക്ക് സമീപം ഓരോ ജില്ലകളില്‍ നിന്നും എത്തുന്ന വാഹനങ്ങളില്‍ പ്രത്യേക സ്റ്റിക്കര്‍ പതിച്ചാണ് പാര്‍ക്കിങ് സ്ഥലം നിശ്ചയിച്ച് നല്‍കുന്നത്. തീവണ്ടിമാര്‍ഗം എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേദികള്‍, താമസസൗകര്യം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ നല്കാന് റെയില്‍വേ സ്റ്റേഷനില്‍ ഹെല്‍പ്പ് ഡെസ്ക് പ്രവര്‍ത്തിക്കും.കൊല്ലം ക്രേവന്‍ സ്കൂളിലാണ് ഭക്ഷണസൗകര്യം ഒരുക്കിയിരിക്കുന്നത്. പഴയിടം മോഹനന് നമ്പൂതിരിയാണ് ഇത്തവണയും ഭക്ഷണം ഒരുക്കുന്നത്.
സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് മത്സരാര്‍ഥികളുടെ യാത്രാസൗകര്യം കൂടുതല്‍ സുഗമമാക്കുന്നതിന് സജ്ജീകരിച്ച സൗജന്യ ഓട്ടോ സര്‍വീസിന്റെ ഉദ്ഘാടനം ചിന്നക്കട റെസ്റ്റ് ഹൗസ് അങ്കണത്തില്‍ മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിച്ചു. ഓട്ടോ തൊഴിലാളി സംഘടനയുടെ നേതൃത്വത്തില്‍ 30 ഓട്ടോകളാണ് വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കുമായി സൗജന്യ യാത്രാസൗകര്യം ഒരുക്കുന്നത്. മത്സര ദിവസങ്ങളില്‍ രാവിലെ എട്ടു മുതല്‍ വൈകിട്ട് എട്ടു വരെയാണ് സേവനം.