കൊച്ചി: പീഡനക്കേസില്‍ നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ മുന്‍ സീനിയര്‍ ഗവ. പ്ലീഡര്‍ പി.ജി. മനുവിനെ കണ്ടെത്താന്‍ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി പത്ത് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നു. സമയപരിധി കഴിഞ്ഞിട്ടും ഹാജരാകാത്തതിനെത്തുടര്‍ന്നാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. പരാതിക്കാരിയുമായി സൗഹൃദം സ്ഥാപിച്ച് കൊച്ചിയിലെ ഓഫീസിലും യുവതിയുടെ വീട്ടിലും വച്ച് പീഡിപ്പിച്ചുവെന്നും സ്വകാര്യഭാഗങ്ങള്‍ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയെന്നുമാണ് മനുവിനെതിരായ പരാതി. യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ ഇയാളില്‍നിന്ന് അഡ്വക്കേറ്റ് ജനറല്‍ രാജി എഴുതി വാങ്ങുകയായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രോസിക്യൂട്ടറായും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായും മനു പ്രവര്‍ത്തിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഇത് ഗൗരവതരമായ കേസാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. പീഡനത്തിനിരയായ യുവതിയുടെ ആരോഗ്യ- മാനസിക നില സംബന്ധിച്ച റിപ്പോര്‍ട്ട് നേരത്തെ ഹൈക്കോടതി തേടിയിരുന്നു. ഇത്കൂടി പരിഗണിച്ചശേഷമാണ് മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയത്. അതിനിടെ മനുവിനെ ഒളിവില്‍ കഴിയാനും തെളിവ് നശിപ്പിക്കാനും സഹായിച്ചുവെന്നാരോപിച്ച് മനുവിന്റെ ചില ബന്ധുക്കളെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഈ ബന്ധുക്കളും മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്.