തിരുവനന്തപുരം: സാമ്പത്തികശാസ്ത്രജ്ഞനും സര്‍വ്വകലാശാലാ അധ്യാപകനും ദളിത് ചിന്തകനുമായ ഡോ.എം. കുഞ്ഞാമനെ (74) ശ്രീകാര്യം വെഞ്ചാമൂട് ശ്രീനഗറിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ വൈകിട്ട് സുഹൃത്തുക്കള്‍ ഫോണ്‍ വിളിച്ചപ്പോള്‍ പ്രതികരണമില്ലാത്തതിനെ തുടര്‍ന്ന് വീട്ടിലെത്തി നോക്കിയപ്പോഴാണ് ഊണുമുറിയില്‍ മരിച്ചനിലയില്‍ കണ്ടത്. വീട് അകത്ത് നിന്ന് പൂട്ടിയിരിക്കുകയായിരുന്നു. ഭാര്യ ചികിത്സയുമായി ബന്ധപ്പെട്ട് മലപ്പുറത്തായതിനാല്‍ കുഞ്ഞാമന്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. മകള്‍ വിദേശത്തും. പൊലീസ് സ്ഥലത്തെത്തി അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഞാന്‍ ഈ ലോകത്തുനിന്നും പോകുന്നു, മരണത്തില്‍ ആരും ഉത്തരവാദിയല്ലെന്ന് പറയുന്ന ആത്മഹത്യാക്കുറിപ്പ് വീട്ടില്‍ നിന്ന് ലഭിച്ചതായി പൊലീസ് അറിയിച്ചു. സുഹൃത്തുക്കളോട് ഞായറാഴ്ച വീട്ടിലെത്താന്‍ ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഡോ. കുഞ്ഞാമന് ശാരീരിക അവശതകള്‍ ഉണ്ടായിരുന്നതായി പരിചയക്കാര്‍ പറഞ്ഞു. താന്‍ നേരിട്ട ജാതിവിവേചനങ്ങള്‍ പ്രതിപാദിക്കുന്ന 'എതിര്‍' എന്ന ആത്മകഥയ്ക്ക് 2021ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചെങ്കിലും അദ്ദേഹം നിരസിച്ചു. കേരള സര്‍വകലാശാലയില്‍ സാമ്പത്തികവിഭാഗത്തില്‍ അധ്യാപകനായിരുന്നു. യുജിസി അംഗമായും സേവനമനുഷ്ഠിച്ചു. കേരള സര്‍വകലാശാലയില്‍ നിന്ന് 2006ല്‍ രാജിവച്ച് മഹാരാഷ്ട്രയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ അധ്യാപകനായി. പാലക്കാട് പട്ടാമ്പി വാടാനാംകുറിശിയാണ് സ്വദേശം. 1974ല്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഒന്നാം റാങ്കോടെയാണ് എംഎ പാസായത്. രാഷ്ട്രപതിയായിരുന്ന കെ.ആര്‍.നാരായണനു ശേഷം ഒന്നാം റാങ്ക് നേടിയ ദളിത് വിദ്യാര്‍ത്ഥിയാണ്. തുടര്‍ന്ന് തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസില്‍ ഡോ.കെ.എന്‍.രാജിന് കീഴില്‍ ഗവേഷണം നടത്തി. കുഞ്ഞാമന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ തുടങ്ങി നിരവധി പ്രമുഖര്‍ അനുശോചിച്ചു.