ന്യൂഡല്‍ഹി:ബില്ലുകളില്‍ തീരുമാനമെടുക്കാതെ രണ്ടു വര്‍ഷമായി ഗവര്‍ണര്‍ എന്തെടുക്കുകയായിരുന്നുവെന്ന് സുപ്രീം കോടതി. നിയമസഭ പാസാക്കിയ എട്ടു ബില്ലുകളില്‍ തീരുമാനം എടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. ഭരണഘടനാപരമായി ഗവര്‍ണര്‍ക്ക് സുതാര്യത വേണ്ടേയെന്ന് ചോദിച്ച സുപ്രീം കോടതി, ബില്ലുകള്‍ പിടിച്ചുവയ്ക്കുന്നത് ന്യായീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി. സര്‍ക്കാരുകളുടെ അവകാശം ഗവര്‍ണര്‍ക്ക് അട്ടിമറിക്കാനാകില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഏഴ് ബില്ലുകള്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കാനുള്ള ഗവര്‍ണറുടെ നടപടിയില്‍ തല്‍ക്കാലം ഇടപെടുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. മുഖ്യമന്ത്രിയും ബില്‍ അവതരിപ്പിച്ച മന്ത്രിയും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും കോടതി നിര്‍ദ്ദേശിച്ചു ഏഴ് ബില്ലുകള്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയയ്ക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസമാണ് തീരുമാനിച്ചത്. ഡല്‍ഹിയിലേയ്ക്ക് പോകാനിരുന്ന ഗവര്‍ണര്‍ യാത്ര മാറ്റിവച്ചാണ് ബില്ലുകളില്‍ തീരുമാനമെടുത്തത്.
ചരിത്രത്തിലാദ്യമാണ് ഏഴ് ബില്ലുകള്‍ ഒന്നിച്ച് രാഷ്ട്രപതിക്ക് അയയ്ക്കുന്നത്.
നിയമസഭ പാസാക്കുന്ന ബില്ലുകള്‍ ഗവര്‍ണര്‍മാര്‍ അനിശ്ചിതമായി പിടിച്ചുവയ്ക്കുന്നതിനെ സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. പഞ്ചാബ് ഗവര്‍ണറെ വിമര്‍ശിക്കുന്ന വിധി വായിക്കാന്‍ കേരള ഗവര്‍ണറുടെ അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് കോടതി നിര്‍ദേശിച്ചിരുന്നു.
ലോകായുക്തയുടെ അധികാരം കുറയ്ക്കുന്ന നിയമഭേദഗതി ബില്‍, ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് പുറത്താക്കാനുള്ള രണ്ട് സര്‍വകലാശാലാ നിയമ ഭേദഗതി ബില്ലുകള്‍, വൈസ് ചാന്‍സലര്‍മാരെ തിരഞ്ഞെടുക്കുന്നതിനുള്ള സേര്‍ച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ബില്‍, പാല്‍ സഹകരണ സംഘങ്ങളിലെ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്ക് വോട്ടവകാശം നല്‍കുന്ന ബില്‍, ഹൈക്കോടതി നല്‍കുന്ന പാനലില്‍ നിന്ന്ു യൂണിവേഴ്‌സിറ്റി അപ്പലേറ്റ് െ്രെടബ്യൂണലായി സിറ്റിംഗ് ജില്ലാ ജഡ്ജിയെ ഗവര്‍ണര്‍ നിയമിക്കുന്നതിന് പകരം വിരമിച്ച ജഡ്ജിയെ സര്‍ക്കാര്‍ നിയമിക്കുന്നതിനുള്ള രണ്ട് സര്‍വകലാശാലാ നിയമ ഭേദഗതി ബില്ലുകള്‍ എന്നിവയാണ് രാഷ്ട്രപതിക്ക് അയയ്ക്കുന്നത്. പൊതുജനാരോഗ്യ ബില്ലിന് ഗവര്‍ണര്‍ അംഗീകാരം നല്‍കി.