ന്യൂഡല്‍ഹി: തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസില്‍ ഹൈക്കോടതി നടപടികള്‍ തുടരാമെന്ന് സുപ്രീംകോടതി. സി.പി.എം സ്ഥാനാര്‍ത്ഥിയായിരുന്ന എം. സ്വരാജ് നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്ന കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കെ. ബാബുവിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ഇക്കാര്യത്തില്‍ ഇപ്പോഴൊന്നും പറയുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഹര്‍ജി എത്രയും പെട്ടെന്ന് തീര്‍പ്പാക്കണമെന്ന് സ്വരാജിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. കേരള നിയമസഭയുടെ കാലാവധി രണ്ടര കൊല്ലം കഴിഞ്ഞു. ഈ സാഹചര്യത്തില്‍ വിധി പറയുന്ന ഘട്ടത്തില്‍ നിയമസഭയുടെ കാലാവധി പൂര്‍ത്തിയാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ തൃപ്പൂണിത്തുറ മണ്ഡലത്തിലെ ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായിരുന്ന എം. സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്. സിറ്റിംഗ് എം.എല്‍.എയായ സ്വരാജിനെ പരാജയപ്പെടുത്തി കെ. ബാബു മണ്ഡലം പിടിച്ചെടുത്തിരുന്നു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മതചിഹ്നം ഉപയോഗിച്ച് വോട്ട് അഭ്യര്‍ത്ഥിച്ചുവെന്നായിരുന്നു ബാബുവിനെതിരായ പരാതി.