മോസ്കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന് ഹൃദയാഘാതമുണ്ടായതായി വാര്‍ത്ത. റഷ്യന്‍ സൈന്യത്തിലെ ഒരു മുന്‍ ലഫ്റ്റനന്റ് ജനറലിന്റെ നേതൃത്വത്തിലുള്ള ടെലഗ്രാം ചാനലിലാണ് പുട്ടിന് ഹൃദയാഘാതമുണ്ടായതായി ആദ്യം വാര്‍ത്ത വന്നത്. പിന്നാലെ പാശ്ചാത്യ മാദ്ധ്യമങ്ങള്‍ അത് ഏറ്റെടുത്തു. അതേസമയം, പുട്ടിന് യാതൊരു ആരോഗ്യ പ്രശ്നവുമില്ലെന്നും അദ്ദേഹം സുഖമായിരിക്കുന്നുവെന്നും ക്രെംലിന് അറിയിച്ചു.
പ്രാദേശിക സമയം ഞായറാഴ്ച വൈകിട്ട് മോസ്കോയിലെ സ്വകാര്യ അപ്പാര്‍ട്ട്മെന്റിലുള്ള കിടപ്പുമുറിയില്‍ പുട്ടിനെ തറയില്‍ വീണു കിടക്കുന്ന നിലയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെന്നാണ് 'ജനറല്‍ എസ്വിആര്' എന്ന ടെലഗ്രാം ചാനലില്‍ വന്ന വാര്‍ത്ത. ഉടന്‍ ഡോക്ടര്‍മാര്‍ സ്ഥലത്തെത്തി പ്രസിഡന്റിനെ പരിശോധിക്കുകയും ഹൃദയാഘാതമുണ്ടായതായി സ്ഥിരീകരിക്കുകയും ചെയ്തതായി വാര്‍ത്തയില്‍ പറയുന്നു. അപ്പാര്‍ട്ട്മെന്റില്‍ സജ്ജീകരിച്ചിട്ടുള്ള പ്രത്യേക തീവ്രപരിചരണ വിഭാഗത്തിലേക്ക് അദ്ദേഹത്തെ മാറ്റുകയും ചെയ്തു.
എന്നാല്‍ ഇക്കാര്യങ്ങള്‍ റഷ്യ നിഷേധിച്ചു. പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന് പൂര്‍ണ ആരോഗ്യവാനാണെന്ന് ക്രെംലിന് വക്താവ് ദിമിത്രി പെസ്കോവ് മാദ്ധ്യമങ്ങളെ അറിയിച്ചു. 'അദ്ദേഹം സുഖമായിരിക്കുന്നു. ഈ വാര്‍ത്ത പതിവുപോലെ വ്യാജമാണ്.' പെസ്കോവ് പറഞ്ഞു.
പൊതുവേദികളില്‍ പുട്ടിനുമായി രൂപസാദൃശ്യമുള്ളയാളാണ് പ്രത്യക്ഷപ്പെടുന്നതെന്ന വാര്‍ത്തയും പെസ്കോവ് ചിരിച്ചുതള്ളി. 'ഇതു തീര്‍ത്തും അസംബന്ധമാണ്. ഇതു കേള്‍ക്കുമ്പോള്‍ ചിരിവരുന്നതല്ലാതെ ഒന്നും തോന്നുന്നില്ല.' പെസ്കോവ് കൂട്ടിച്ചേര്‍ത്തു.
ഈ മാസം ഏഴിന് 71 വയസ്സു തികഞ്ഞ വ്ളാഡിമിര്‍ പുട്ടിന്, കഴിഞ്ഞയാഴ്ച ചൈന സന്ദര്‍ശിച്ചിരുന്നു. ഈ വര്‍ഷം ആദ്യമായാണ് പുട്ടിന് റഷ്യയ്ക്ക് പുറത്തേയ്ക്ക് യാത്ര ചെയ്തത്. പൊതുവേദികളില്‍ പുട്ടിന് 'ബോഡി ഡബിളിംഗ്' ഉപയോഗിക്കുന്നതായി ഏറെ നാളായി അഭ്യൂഹമുണ്ടായിരുന്നു. 2020ല്‍ പുട്ടിന് ഇക്കാര്യം നിഷേധിച്ചിരുന്നു.