Header ads

CLOSE

ഒഡീഷ ട്രെയിന്‍ ദുരന്തം;മരണസംഖ്യ 207 ആയി, 900ലധികം പേര്‍ക്ക് പരിക്ക് ട്രെയിനുകള്‍ പാളം തെറ്റി, കൂട്ടിയിടിച്ചു

ഒഡീഷ ട്രെയിന്‍ ദുരന്തം;മരണസംഖ്യ 207 ആയി, 900ലധികം പേര്‍ക്ക് പരിക്ക് ട്രെയിനുകള്‍ പാളം തെറ്റി, കൂട്ടിയിടിച്ചു

ഭുവനേശ്വര്‍: ഒഡീഷയില്‍  ഇന്നലെയുണ്ടായ ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 207 കടന്നു. 900ലധികം പേര്‍ക്ക് പരിക്കുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. ബംഗളുരുവില്‍നിന്ന് ഹൗറയിലേയ്ക്ക് പോകുകയായിരുന്ന യശ്വന്ത്പുര്‍  ഹൗറ എക്‌സ്പ്രസ്  പാളം തെറ്റി മറിഞ്ഞതിന് പിന്നാലെ അടുത്ത പാളത്തിലൂടെ വന്ന ഷാലിമാര്‍  ചെന്നൈ കോറമണ്ഡല്‍ എക്‌സ്പ്രസ് പാളം തെറ്റിക്കിടന്ന കോച്ചുകളിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ പന്ത്രണ്ടോളം കോച്ചുകള്‍ സമീപത്തെ ഗുഡ്‌സ് ട്രെയിനിന് മുകളിലേയ്ക്ക് മറിയുകയും ചെയ്തു.ഇതിനകം
207 മൃതദേഹങ്ങള്‍ കണ്ടെടുത്തതായും 900ലധികം പേര്‍ക്കു പരിക്കേറ്റതായും ഒഡീഷ ചീഫ് സെക്രട്ടറി പ്രദീപ് ജെനയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ടു ചെയ്യുന്നു. മറിഞ്ഞ ബോഗികള്‍ക്കിടയില്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ടോയെന്നറിയുന്നതിന് തിരച്ചില്‍ തുടരുകയാണെന്നും പരിക്കേറ്റ 400 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചെന്നും ഒഡീഷ അഗ്‌നിശമന വിഭാഗം ഡയറക്ടര്‍ ജനറല്‍ സുധാംശു സാരംഗിയും അറിയിച്ചു. 


രക്ഷപ്പെട്ടവരില്‍ 4 തൃശൂര്‍ സ്വദേശികള്‍
ട്രെയിന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവരില്‍ 4 തൃശൂര്‍ സ്വദേശികള്‍ ഉള്ളതായി വിവരം ലഭിച്ചിട്ടുണ്ട്.
കൊറമാണ്ഡല്‍ എക്‌സ്പ്രസിലെ യാത്രക്കാരായ  തൃശൂര്‍  കാരമുക്ക് വിളക്കുംകാല്‍ കോക്കാട്ട് രഘു, അന്തിക്കാട് പാന്തോട് കോലയില്‍ കിരണ്‍, പൊറ്റേക്കാട്ട് വൈശാഖ്, ഇരിങ്ങാലക്കുട കാറളം വിജിഷ് എന്നിവരാണ് അപകടത്തില്‍നിന്നു രക്ഷപ്പെട്ടത്. കൊറമാണ്ഡല്‍ എക്‌സ്പ്രസില്‍ ചെന്നൈയിലെത്തി തുടര്‍ന്ന് തൃശൂരിലേയ്ക്കു വരാനായിരുന്നു ഉദ്ദേശ്യം.
പാടത്തേക്കു മറിഞ്ഞ ബോഗിയുടെ ഒരു വശത്തേക്ക് ഒരാളും മറുവശത്തേക്കു മറ്റു 3 പേരും ചാടി രക്ഷപ്പെടുകയായിരുന്നു. ബോഗിയുടെ മുകളിലെ ഗ്ലാസ് പൊട്ടിച്ചാണു വൈശാഖ് പുറത്തുകടന്നത്.
വെള്ളിയാഴ്ച വൈകിട്ട് 3.30ന് ബംഗാളിലെ ഷാലിമാര്‍ സ്റ്റേഷനില്‍നിന്ന് പുറപ്പെട്ട ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. വൈകിട്ട് 6.30നാണ് ട്രെയിന്‍ ബാലസോര്‍ സ്റ്റേഷനിലെത്തിയത്.7.20ഓടെ ബഹനാഗ സ്റ്റേഷന് സമീപത്തുവച്ചാണ് അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച വൈകിട്ട് 4.50ന് ചെന്നൈ റെയില്‍വേ സ്റ്റേഷനിലേത്തേണ്ട ട്രെയിനാണിത്. 
ബംഗളുരുവില്‍നിന്ന് കൊല്‍ക്കത്തയിലേയ്ക്ക് പോവുകയായിരുന്ന യശ്വന്ത്പുര്‍-ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് ബഹനാഗ ബസാര്‍ സ്റ്റേഷന് സമീപം പാളംതെറ്റി മറിഞ്ഞാണ് ആദ്യ അപകടമുണ്ടാകുന്നതെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ ട്രെയിനിന്റെ പത്തിലേറെ കോച്ചുകള്‍ പാളംതെറ്റി മറിഞ്ഞു. ഈ കോച്ചുകളിലേയ്ക്ക് അടുത്ത ട്രാക്കിലൂടെ എത്തിയ കോറമണ്ഡല്‍ എക്സ്പ്രസ് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പാളം തെറ്റിയ കോറമണ്ഡല്‍ എക്സ്പ്രസ് ഇതിനു ശേഷം തൊട്ടടുത്ത ട്രാക്കിലെ ഒരു ഗുഡ്സ് ട്രെയിനിലും ഇടിച്ചുമറിഞ്ഞു. പാളംതെറ്റിയും കൂട്ടിയിടിച്ചും മറിഞ്ഞ കോച്ചുകള്‍ക്കുള്ളില്‍ നിരവധിപേര്‍ കുടുങ്ങിപ്പോയി. ഇരു ട്രെയിനിലെയും 17-ഓളം ബോഗികളാണ് പാളം തെറ്റി മറിഞ്ഞത്.
അപകടത്തെ തുടര്‍ന്ന് ഈ റൂട്ടിലെ 38-ഓളം ട്രെയിനുകള്‍ റദ്ദാക്കി്. 40-ഓളം ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും ചെയ്തു. 


മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയും ഗുരുതര പരിക്കുള്ളവര്‍ക്ക് 2 ലക്ഷം രൂപയും മറ്റുള്ളവര്‍ക്ക് 50,000 രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. 


നടുക്കുന്ന സംഭവമെന്ന് പ്രധാനമന്ത്രി; രാഷ്ട്രപതി ദുഃഖം രേഖപ്പെടുത്തി  
ട്രെയിന്‍ അപകടത്തില്‍ പ്രധാനമന്ത്രി നടുക്കം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ ദുഃഖത്തിനൊപ്പം പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. റെയില്‍വേ മന്ത്രിയുമായി സംസാരിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി. പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ട. അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ദുരിതബാധിതര്‍ക്ക് സാദ്ധ്യമായ എല്ലാ സഹായവും നല്‍കുന്നുണ്ടെന്നും പ്രധാനമന്ത്രി ട്വീറ്റില്‍ അറിയിച്ചു. അപകടത്തില്‍  ആഭ്യന്തരമന്ത്രി അമിത് ഷാ അനുശോചനം രേഖപ്പെടുത്തി. രാഷ്ട്രപതി ദ്രൗപദി മുര്‍മു അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി. ഒഡിഷ മുഖ്യമന്ത്രി നവീന്‍ പ്ടനായിക് ഇന്ന് സംഭവ സ്ഥലം സന്ദര്‍ശിക്കും. ഒഡീഷയില്‍ ഇന്ന് ഔദ്യോഗികദുഃഖാചരണം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഒഡീഷ ട്രെയിന്‍ അപകടത്തിന്റെ കാരണം കണ്ടെത്താന്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.


വിവിധ റെയില്‍വേ സ്റ്റേഷനുകളിലെ ഹെല്‍പ് ലൈന്‍ നമ്പരുകള്‍

ഹൗറ-  03326382217
ഖരക്പുര്‍-  8972073925, 9332392339
ബാലസോര്‍- 8249591559, 7978418322
ഷാലിമാര്‍-  9903370746
വിജയവാഡ-  0866 2576924
രാജമുന്ദ്രി-  08832420541
ചെന്നൈ-   044 25330952, 04425330953, 04425354771

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads