Header ads

CLOSE

41 പേര്‍ക്ക് പുതുജീവന്‍: ഉത്തരകാശിയിലെ തുരങ്കത്തില്‍നിന്ന് തൊഴിലാളികളെ പുറത്തെത്തിച്ചു തുടങ്ങി

41 പേര്‍ക്ക് പുതുജീവന്‍: ഉത്തരകാശിയിലെ  തുരങ്കത്തില്‍നിന്ന്  തൊഴിലാളികളെ  പുറത്തെത്തിച്ചു തുടങ്ങി

ദെഹ്റാഡൂണ്‍: ഉത്തരാഖണ്ഡിലെ സില്‍കാരയില്‍ നിര്‍മ്മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് ഉള്ളില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിച്ചു തുടങ്ങി.കുടുങ്ങിക്കിടന്ന 41 തൊഴിലാളികളില്‍ രണ്ട് പേരെ പുറത്തെത്തിച്ചു. രാത്രി ഏഴേമുക്കാലോടെയാണ് ആദ്യ തൊഴിലാളിയെ പുറത്തെത്തിച്ചത്. തുരങ്കത്തില്‍ ആംബുലന്‍സ് എത്തിച്ച് ഓരോരുത്തരെ വീതം അതിലേയ്ക്ക് മാറ്റിയാണ് പുറത്തേയ്ക്ക് കൊണ്ടുവരുന്നത്. അതിനാല്‍ 41 പേരെയും പുറത്തെത്തിക്കാന്‍ ഏറെ സമയമെടുക്കുമെന്നാണ് വിവരം.
അപകടമുണ്ടായി 17 ദിവസങ്ങള്‍ക്ക് ശേഷമാണ് തൊഴിലാളികളെ സുരക്ഷിതമായി പുറത്തെത്തിക്കാനായത്. നവംബര്‍ 12-ന് ദീപാവലി ദിവസമാണ് തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങിയത്. അന്ന് മുതല്‍ ഇടവേളയില്ലാതെ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഒടുവിലാണ് 41 പേര്‍ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നത്.
രക്ഷാദൗത്യത്തിന്റെ അവസാന ഘട്ടത്തില്‍ യന്ത്രങ്ങളില്ലാതെ മനുഷ്യര്‍ നടത്തിയ തുരക്കലിലൂടെയാണ് തൊഴിലാളികള്‍ക്ക് സമീപം എത്താനായത്. റാറ്റ് ഹോള്‍ മൈനിംഗ് എന്ന രീതിയാണ് ഇതിനായി അവലംബിച്ചത്. ഇതിനൊപ്പം തുരങ്കത്തിന് മുകളില്‍ നിന്ന് കുത്തനെ തുരന്ന് മറ്റൊരു രക്ഷാമാര്‍ഗവും തുറന്നിരുന്നു. പുറത്തെത്തിച്ച തൊഴിലാളികളെ സ്ഥലത്ത് സജ്ജമാക്കിയ ആംബുലന്‍സുകളില്‍ കയറ്റി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയാണ്. 
അമേരിക്കന്‍ നിര്‍മ്മിത ഓഗര്‍ മെഷീന്‍ ഉപയോഗിച്ചാണ് അതീവ ദുഷ്‌കരമായിരുന്ന രക്ഷാപ്രവര്‍ത്തനത്തിന്റെ നിര്‍ണായക ഘട്ടം പൂര്‍ത്തിയാക്കിയത്. എന്നാല്‍ ദിവസങ്ങള്‍ക്കകം ഓഗര്‍ മെഷീന്‍ തകരാറായി. ഇതോടെയാണ് യന്ത്രസഹായത്തോടെയുള്ള ഡ്രില്ലിംഗിന് പുറമെ റാറ്റ് ഹോള്‍ മൈനിംഗും സ്വീകരിച്ചത്. ഇത് കൂടാതെയാണ് വെര്‍ട്ടിക്കല്‍ ഡ്രില്ലിംഗ് നടത്തിയത്. തൊഴിലാളികള്‍ കുടുങ്ങിയ ഉടന്‍ തന്നെ ഇവര്‍ക്ക് ആവശ്യമായ ഭക്ഷണം, വെള്ളം, മരുന്ന്, ഓക്സിജന്‍ എന്നിവ എത്തിക്കാന്‍ ആരംഭിച്ചിരുന്നു. ആറ് ഇഞ്ച് വ്യാസമുള്ള പൈപ്പ് അകത്ത് കടത്തിയാണ് ഇവ എത്തിച്ചത്. കൂടാതെ ഇവര്‍ക്ക് രക്ഷാപ്രവര്‍ത്തകരും കുടുബാംഗങ്ങളുമായി സംസാരിക്കാനുള്ള സംവിധാനങ്ങളടക്കം ഈ പൈപ്പ് വഴി ഒരുക്കിയിരുന്നു.
എന്‍.ഡി.ആര്‍.എഫ്, എസ്.ഡി.ആര്‍.എഫ്, ബി.ആര്‍.ഒ, ചാര്‍ധാം പദ്ധതി നടപ്പാക്കുന്ന എന്‍.എച്ച്.ഐ.ഡി.സി.എല്‍, ഐ.ടി.ബി.പി, സൈന്യം തുടങ്ങി നിരവധി പേര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തിയാക്കിയത്.
ചാര്‍ധാം പദ്ധതിയുടെ ഭാഗമായി ദേശീയപാത 134-ല്‍ നിര്‍മ്മിക്കുന്ന 4.531 കിലോമീറ്റര്‍ നീളമുള്ള തുരങ്കമാണ് സില്‍കാരയിലേത്. 1119.69 കോടി രൂപയാണ് തുരങ്കത്തിന്റെ നിര്‍മ്മാണ ചെലവ്. ഭൂമി ഏറ്റെടുക്കലും പുനരധിവാസവും ഉള്‍പ്പെടെ കണക്കാക്കുമ്പോള്‍ ആകെ ചെലവ് 1383.78 കോടി രൂപയാകും. നാല് വര്‍ഷമാണ് നിര്‍മ്മാണ കാലാവധി.

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads