തിരുവനന്തപുരം: വ്യാജ പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്സന് മാവുങ്കല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുമ്പോള്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന് അവിടെ ഉണ്ടായിരുന്നെന്ന് അതിജീവിത മൊഴി നല്‍കിയിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ആ കേസില്‍ ചോദ്യം ചെയ്യാനാണ് സുധാകരനെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചിരിക്കുന്നത്. ഒരാള്‍ക്കെതിരെയും പ്രത്യേകം കേസെടുക്കണമെന്ന് ഞങ്ങള്‍ക്ക് താല്പര്യമില്ല. ക്രൈംബ്രാഞ്ച് പറഞ്ഞതും വാര്‍ത്തയിലുള്ളതുമാണ് താന്‍ പറയുന്നതെന്നും എം.വി.ഗോവിന്ദന് പറഞ്ഞു. പിന്നാലെ പോക്സോ കേസിലെ രഹസ്യമൊഴി സിപിഎം സംസ്ഥാന സെക്രട്ടറി എങ്ങനെയറിഞ്ഞുവെന്നും ആ സമയത്ത് എം.വി. ഗോവിന്ദന് അവിടെ ഉണ്ടായിരുന്നോ എന്ന ചോദ്യവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന് രംഗത്തെത്തി. കേസില്‍ തന്നെ പ്രതിയാക്കുന്നതിന് പിന്നില്‍ സിപിഎമ്മാണെന്ന് ഇതോടെ തെളിഞ്ഞു. പീഡനസമയത്ത് ഞാന്‍ അവിടെയുണ്ടായിരുന്നു എന്നാണ് ഗോവിന്ദന് മാഷ് പറയുന്നത്. അദ്ദേഹം ആ സമയത്ത് എന്റെ അടുത്തുണ്ടായിരുന്നതു പോലെയാണ് പറച്ചില്. എനിക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രതിയായ മോന്സന് തന്നെ പലതവണ പറഞ്ഞു. അതിജീവിതയായ പെണ്‍കുട്ടിയും എന്റെ പേരു പറഞ്ഞിട്ടില്ല. എം.വി.ഗോവിന്ദനെതിരെ സാദ്ധ്യമായ നിയമ നടപടികള്‍ കൈക്കൊള്ളുമെന്നും സുധാകരന് പറഞ്ഞു. ഇക്കാര്യത്തില്‍ തനിക്കെതിരെ എന്തെങ്കിലും തെളിവു കാണിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് പറഞ്ഞ വാക്ക് ഇപ്പോഴും ആവര്‍ത്തിക്കുന്നു. മനസ്സാ വാചാ കര്‍മ്മണാ ഈ സംഭവത്തില്‍ പങ്കില്ല. സാമ്പത്തികമായോ സാന്നിദ്ധ്യം കൊണ്ടോ തനിക്കതില്‍ യാതൊരു പങ്കുമില്ലെന്നും സുധാകരന് പറഞ്ഞു.