Header ads

CLOSE

വക്കം പുരുഷോത്തമന്‍ അന്തരിച്ചു; സംസ്‌കാരം ബുധനാഴ്ച രാവിലെ 11ന് വക്കത്ത്

വക്കം പുരുഷോത്തമന്‍ അന്തരിച്ചു; സംസ്‌കാരം ബുധനാഴ്ച രാവിലെ 11ന് വക്കത്ത്

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഗവര്‍ണറുമായ വക്കം പുരുഷോത്തമന്‍ (95) അന്തരിച്ചു. കുമാരപുരത്തെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം ബുധനാഴ്ച രാവിലെ 11 മണിക്ക് വക്കത്തെ കുടുംബവീട്ടുവളപ്പില്‍. മൂന്ന് തവണ സംസ്ഥാന മന്ത്രിസഭയിലും രണ്ട് തവണ ലോക്‌സഭയിലും അംഗമായിരുന്ന വക്കം ആന്‍ഡമാനിലും മിസോറമിലും ത്രിപുരയിലും ഗവര്‍ണറായിരുന്നു. അഞ്ച് തവണ നിയമസഭാംഗവുമായി. രണ്ട് തവണയായി ഏറ്റവുമധികം കാലം നിയമസഭാ സ്പീക്കറായതിന്റെ റെക്കോര്‍ഡും വക്കത്തിന്റെ പേരിലാണ്. 
1928 ഏപ്രില്‍ 12 ന് വക്കം കടവിളാകത്തു വീട്ടില്‍ കെ. ഭാനുപ്പണിക്കരുടെയും ഭവാനിയുടെയും മകനായി ജനിച്ച പുരുഷോത്തമന്‍ 1946 ല്‍ വിദ്യാര്‍ത്ഥി കോണ്‍ഗ്രസിലൂടെയാണ് പൊതുരംഗത്തെത്തിയത്. 1952 ല്‍ ആദ്യ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ആര്‍എസ്പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വക്കം പഞ്ചായത്ത് അംഗമായി. 1956 ല്‍ ഹൈക്കോടതി ബഞ്ചിനുവേണ്ടിയുള്ള പ്രക്ഷോഭത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ചു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍നിന്ന് ബിരുദവും അലിഗഡ് സര്‍വകലാശാലയില്‍നിന്ന് എംഎയും എല്‍എല്‍ബിയും പാസായശേഷം തിരുവനന്തപുരത്ത് അഭിഭാഷകനായി ജോലി ചെയ്യുന്നതിനിടെ ആര്‍.ശങ്കറിന്റെ നിര്‍ബന്ധം കാരണമാണ് വീണ്ടും സജീവ രാഷ്ട്രീയത്തിലെത്തിയത്.
1967 ലും 1969 ലും നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടു. 1970 ല്‍ ആറ്റിങ്ങലില്‍ കാട്ടായിക്കോണം ശ്രീധറിനെ പരാജയപ്പെടുത്തിയാണ് ആദ്യം നിയമസഭയിലെത്തിയത്.1971 മുതല്‍ 1977 വരെ അച്യുതമേനോന്‍ മന്ത്രിസഭയില്‍ കൃഷി, തൊഴില്‍ മന്ത്രിയായി. അക്കാലത്താണ് കര്‍ഷക തൊഴിലാളി നിയമത്തിനും ചുമട്ടുതൊഴിലാളി നിയമത്തിനും രൂപം നല്‍കിയത്. അഞ്ച്‌വര്‍ഷം നിയമമന്ത്രിയുടെ ചുമതലയും വഹിച്ചു.

1977,1980,1982 നിയമസഭാ തിരഞ്ഞെടുപ്പുകളിലും ആറ്റിങ്ങലില്‍നിന്നു വിജയിച്ചു. 1980 ല്‍ ഇ.കെ.നായനാര്‍ മന്ത്രസഭയില്‍ ആരോഗ്യം, ടൂറിസം മന്ത്രിയായി. 1996 ല്‍ ആനത്തലവട്ടം ആനന്ദനോടു പരാജയപ്പെട്ടെങ്കിലും 2001ല്‍ കടകംപള്ളി സുരേന്ദ്രനെ തോല്‍പിച്ച് വീണ്ടും നിയമസഭയിലെത്തി. 2004 ലെ ആദ്യ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ധന, എക്‌സൈസ്, ലോട്ടറി വകുപ്പുകളുടെ ചുമതല ലഭിച്ചു. 1982,84, 2001,2004 കാലത്ത് നിയമസഭാ സ്പീക്കറായിരുന്നു.
1984 ല്‍ സ്പീക്കര്‍ സ്ഥാനം രാജിവച്ചാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനിറങ്ങിയത്. ആലപ്പുഴയിലെ കന്നിമല്‍സരത്തില്‍ സുശീലാ ഗോപാലനെ പരാജയപ്പെടുത്തി പാര്‍ലമെന്റില്‍ എത്തി. 89 ല്‍ വിജയം ആവര്‍ത്തിച്ചെങ്കിലും 91 ല്‍ ടി.ജെ.ആഞ്ചലോസിനോടു പരാജയപ്പെട്ടു.
1993 ല്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിന്റെ ലഫ്റ്റനന്റ് ഗവര്‍ണറായി ചുമതലയേറ്റു. 2011 മുതല്‍ 2014 വരെ മിസോറം ഗവര്‍ണറായിരുന്നു. 2014 ല്‍ ത്രിപുര ഗവര്‍ണറുടെ അധികച്ചുമതലയും വഹിച്ചു. തിരുവനന്തപുരം ഡിസിസി പ്രസിഡന്റായും കെപിസിസി ജനറല്‍ സെക്രട്ടറിയായും കെപിസിസി വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 
ഭാര്യ: മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറായിരുന്ന ഡോ.ലില്ലി. മക്കള്‍: ബിനു, ബിന്ദു, പരേതനായ ബിജു.
 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads