തിരുവനന്തപുരം: ഡോ. വന്ദനാദാസ് കൊലപാതകക്കേസിലെ പ്രതി അദ്ധ്യാപകനായ ജി.സന്ദീപിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. എയ്ഡഡ് സ്‌കൂളായ നെടുമ്പന യുപിഎസില്‍ സംരക്ഷിത അദ്ധ്യാപകനായിരുന്നു സന്ദീപ്. 2023 മേയ് 10ന് പുലര്‍ച്ചെയാണ് കസ്റ്റഡിയിലിരിക്കേ സന്ദീപ് പൊലീസിനെയും ആശുപത്രി ജീവനക്കാരെയും അക്രമിച്ച് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ വന്ദനാ ദാസിനെ കൊലപ്പെടുത്തിയത്. സന്ദീപിനെ നേരത്തെ കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് കുണ്ടറ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കി. സന്ദീപ് വിദ്യാഭ്യാസവകുപ്പിന് സമര്‍പ്പിച്ച വിശദീകരണത്തില്‍ കൊലപാതകം ചെയ്തതായി സമ്മതിച്ചിരുന്നു. സന്ദീപിന്റെ ഭാഗത്തു നിന്നുണ്ടായ ഹീനമായ പ്രവൃത്തികളും പെരുമാറ്റങ്ങളും വിദ്യാഭ്യാസ വകുപ്പിന് അവമതിപ്പ് ഉണ്ടാക്കുകയും അദ്ധ്യാപക സമൂഹത്തിനാകെ അപമാനം വരുത്തുകയും ചെയ്തതായാണ് അന്വേഷണത്തില്‍ വിലയിരുത്തിയത്. കാരണം കാണിക്കല്‍ നോട്ടിസിന് പരസ്പര വിരുദ്ധമായ മറുപടികളാണ് സന്ദീപ് നല്‍കിയത്.