Header ads

CLOSE

ചന്ദ്രയാന്‍-3; മൂന്നാംഘട്ട ഭ്രമണപഥം താഴ്ത്തല്‍ വിജയകരം; 23ന് വൈകിട്ട് സോഫ്റ്റ് ലാന്‍ഡിംഗ്

ചന്ദ്രയാന്‍-3; മൂന്നാംഘട്ട  ഭ്രമണപഥം താഴ്ത്തല്‍ വിജയകരം; 23ന് വൈകിട്ട് സോഫ്റ്റ് ലാന്‍ഡിംഗ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍-3 പേടകത്തിന്റെ മൂന്നാംഘട്ട ഭ്രമണപഥം താഴ്ത്തല്‍ വിജയകരമായെന്ന് ഐഎസ്ആര്‍ഒ  അറിയിച്ചു. ഇന്ത്യന്‍ സമയം തിങ്കളാഴ്ച രാവിലെ 11.50ഓടെയാണ് ചന്ദ്രയാന്‍-3 ഭ്രമണപഥം താഴ്ത്തിയത്.
ഓഗസ്റ്റ് 6, 9 തീയതികളിലായിരുന്നു പേടകത്തിന്റെ ആദ്യ രണ്ട് ഭ്രമണപഥം താഴ്ത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. നാലാംഘട്ട ഭ്രമണപഥം താഴ്ത്തല്‍ ഓഗസ്റ്റ് 16ന് രാവിലെ എട്ടരയ്ക്ക് നടക്കും. തുടര്‍ന്ന് ഓഗസ്റ്റ് 17ന് വിക്രം ലാന്‍ഡര്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍നിന്ന് വേര്‍പെടും. ഓഗസ്റ്റ് 23ന് വൈകിട്ടാണ് രാജ്യം കാത്തിരിക്കുന്ന സോഫ്റ്റ് ലാന്‍ഡിംഗ് നടക്കുക. തുടര്‍ന്ന് ലാന്‍ഡറും ലാന്‍ഡറിനുള്ളില്‍നിന്ന് പുറത്തേക്ക് വരുന്ന റോവറും ചന്ദ്രനില്‍ പര്യവേക്ഷണം നടത്തും.
ചന്ദ്രയാന്‍-3ലെ സെന്‍സറുകളും എന്‍ജിനുകളും കൃത്യമായി പ്രവര്‍ത്തിച്ചില്ലെങ്കിലും ലാന്‍ഡറിനെ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താനുള്ള പദ്ധതിയുണ്ടെന്ന് ഇസ്റോ ചെയര്‍മാന്‍ എസ് സോമനാഥ് നേരത്തെ അറിയിച്ചിരുന്നു.
തകരാര്‍ സംഭവിച്ചാലും അതിനെ അതിജീവിക്കാന്‍ കഴിയുന്ന വിധത്തിലാണ് ലാന്‍ഡര്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. പൊപ്പല്‍ഷന്‍ മൊഡ്യൂളില്‍നിന്ന് വേര്‍പെടുന്ന പേടകം സെക്കന്‍ഡില്‍ 1.68 കിലോമീറ്റര്‍ (മണിക്കൂറില്‍ 6048 കിലോമീറ്റര്‍) വേഗത്തിലാണ് സഞ്ചരിക്കുക. ഘട്ടംഘട്ടമായി വേഗം കുറച്ച് സെക്കന്‍ഡില്‍ മൂന്ന് മീറ്റര്‍ വേഗത്തിലാണ് വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ലാന്‍ഡ് ചെയ്യുക.
നാല് പേലോഡുകളാണ് (ശാസ്ത്രീയ പഠനത്തിനുള്ള ഉപകരണം) ലാന്‍ഡറിനകത്തുള്ളത്. ആദ്യത്തേത് രംബ-എല്‍പി (RAMBHA-LP). ചന്ദ്രന്റെ ഉപരിതലത്തിലെ പ്ലാസ്മയുടെ (അയണുകളുടെയും ഇലക്ട്രോണുകളുടെയും) സാന്ദ്രത അളക്കാനുള്ള ഉപകരണമാണിത്. രണ്ടാമത്തേത് ചാസ്‌തെ (ChaSTE). ചന്ദ്രന്റെ ധ്രുവ പ്രദേശങ്ങളിലെ താപവ്യതിയാനം പഠിക്കുകയാണ് ഇതിന്റെ ലക്ഷ്യം. മൂന്നാമത്തെ പേലോഡാണ് ഇല്‍സ (ILSA). ചന്ദ്രനിലെ പ്രകമ്പനങ്ങള്‍ പഠിക്കാനുള്ള ഉപകരണമാണിത്. ഇവയ്ക്ക് പുറമേ 'നാസ'യുടെ ലേസര്‍ റിട്രോറിഫ്ളക്ടര്‍ അറേ പേലോഡും ലാന്‍ഡറിലുണ്ട്. ലേസര്‍ റേഞ്ചിംഗ് സാങ്കേതികതയിലൂടെ ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലം അറിയാം. ലേസര്‍ രശ്മികള്‍ വഴിയാണ് ഈ പഠനം. ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ ഭാഗമായ ഏക വിദേശ പേലോഡും ഇതാണ്.
ചന്ദ്രനിലൂടെ സഞ്ചരിച്ച് പഠനം നടത്തുന്ന റോവറില്‍ രണ്ട് പേലോഡുണ്ട്. ചന്ദ്രനിലെ മണ്ണിനെക്കുറിച്ച് പഠിക്കാനുള്ള ഉപകരണമായ ലിബിസ് (LIBS), ചന്ദ്രനിലെ മൂലക സാന്നിധ്യത്തെക്കുറിച്ച് സുപ്രധാന വിവരങ്ങള്‍ ശേഖരിക്കുന്ന ആപ്ക്സ് (APXS) എന്നിവയാണവ. ജീവസാന്നിധ്യമുള്ള ഗ്രഹങ്ങളെ വിദൂരത്തില്‍നിന്ന് നിരീക്ഷിക്കുന്നതിനായി വികസിപ്പിച്ച ഷെയ്പ് എന്ന ഉപകരണം പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിലുമുണ്ട്. ഇത് ഭൂമിയെ ദീര്‍ഘകാലം നിരീക്ഷിക്കും. മനുഷ്യവാസയോഗ്യമായ ഗ്രഹങ്ങള്‍ പ്രപഞ്ചത്തിലുണ്ടോ എന്ന് തിരയുകയാണ് ഷെയ്പിന്റെ ജോലി. സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളെ കൂടുതല്‍ തിരിച്ചറിയാനും ഷെയ്പ് സഹായിക്കും. ഇത് ഉള്‍പ്പെടെ ആകെ ഏഴ് പേലോഡുകളാണ് ചന്ദ്രയാന്‍ 3 ദൗത്യത്തിലുള്ളത്.

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads