തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യ കപ്പല്‍ എത്തി. ഇന്നെ ത്തിയ ചൈനീസ് ചരക്കു കപ്പലായ ഷെന്‍ഹുവയെ 15 വാട്ടര്‍സല്യൂട്ട് നല്‍കി സ്വീകരിച്ചു. 34 വര്‍ഷം പഴക്കമുള്ള ഷെന്‍ഹുവ 15 ക്രെയിനുകള്‍ വഹിക്കുന്നതിനായി പ്രത്യേകം രൂപകല്‍പന ചെയ്തതാണ്. 233.6 മീറ്ററാണ് കപ്പലിന്റെ നീളം. വീതി 42 മീറ്റര്‍. 20 മീറ്റര്‍ വരെ ആഴവുമുണ്ട്. ആദ്യ ചരക്കു കപ്പലിനെ കരയിലെത്തിക്കാന്‍ മൂന്നു ടഗ് ബോട്ടുകളാണ് ഉപയോഗിച്ചത്. 70 ടണ്‍ ശേഷിയുള്ളതാണ് ഇവ. രാജ്യത്തെ തുറമുഖങ്ങളില്‍ ഇന്നുപയോഗിക്കുന്നതില്‍ ഏറ്റവും വലിയ ഷിപ്പ് ടു ഷോര്‍ ക്രെയിനുമായാണ് കപ്പലെത്തിയത്. 94.78 മീറ്റര്‍ ഉയരമുള്ള ക്രെയിന്‍ പ്രവര്‍ത്തിപ്പിച്ച് കപ്പലില്‍ 72 മീറ്റര്‍ അകലെയുള്ള കണ്ടെയ്‌നര്‍ വരെ എടുക്കാനാകും. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് ഉപയോഗിക്കുന്നത് 62 മീറ്റര്‍ പരിധിയുള്ള ഷിപ്പ് ടു ഷോര്‍ ക്രെയിനാണ്. കപ്പലില്‍നിന്നു കണ്ടെയ്‌നര്‍ ഇറക്കുകയും കപ്പലിലേക്കു കയറ്റുകയുമാണ് ഷിപ്പ് ടു ഷോര്‍ ക്രെയിന്‍ അഥവാ റെയില്‍ മൗണ്ടഡ് ക്വേയ് ക്രെയിനിന്റെ ഉപയോഗം. വിഴിഞ്ഞത്തേക്ക് ആകെ 8 ഷിപ്പ് ടു ഷോര്‍ ക്രെയിന്‍ എത്തിക്കുന്നുണ്ട്. ഇതില്‍ ആദ്യത്തേതാണ് ഷെന്‍ഹുവ 15ല്‍ ഉള്ളത്.