കൊല്ലം:വയോധികനെ ഹണിട്രാപ്പില്‍ കുടുക്കി 11 ലക്ഷം രൂപ തട്ടിയ സീരിയല്‍ നടിയും ആണ്‍സുഹൃത്തും അറസ്റ്റില്‍. പത്തനംതിട്ട മലയാലപ്പുഴ സ്വദേശിയും നിയമബിരുദധാരിയുമായ നിത്യ ശശി(32) പരവൂര്‍ കലയ്ക്കോട് സ്വദേശി ബിനു(35)എന്നിവരാണ് അറസ്റ്റിലായത്. മുന്‍ സൈനികനും കേരള സര്‍വകലാശാല മുന്‍ ജീവനക്കാരനും തിരുവനന്തപുരം പട്ടം സ്വദേശിയുമായ എഴുപത്തിയഞ്ചുകാരനെയാണ് ഇവര്‍ ഭീഷണിപ്പെടുത്തി കബളിപ്പിച്ചത്. കലയ്ക്കോട് വീട് വാടകയ്ക്ക് കൊടുക്കാനുണ്ടെന്ന് അറിഞ്ഞ് കഴിഞ്ഞ മേയ് 24ന് നിത്യ വയോധികനെ ഫോണില്‍ വിളിച്ചു. തുടര്‍ന്ന് സൗഹൃദം സ്ഥാപിച്ച നിത്യ വീടു കാണുന്നതിന് സുഹൃത്തും വയോധികന്റെ അകന്ന ബന്ധുവുമായ ബിനുവിനൊപ്പം എത്തി. വീട്ടിനുള്ളില്‍ വച്ച് ഭീഷണിപ്പെടുത്തി വിവസ്ത്രനാക്കി നിത്യയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ ബിനു പകര്‍ത്തി. തുടര്‍ന്ന് ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇവര്‍ 25 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഭീഷണി ആവര്‍ത്തിച്ചതോടെ 11 ലക്ഷം രൂപ വയോധികന് നല്കി. വീണ്ടും പണം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ 18ന് ഇദ്ദേഹം പരവൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ കേസെടുത്ത പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.