ആലപ്പുഴ: ചെങ്ങന്നൂരില്‍ അഭിഭാഷകര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ഒരാള്‍ക്ക് കുത്തേറ്റു. ചെങ്ങന്നൂര്‍ കോടതിയിലെ ജൂനിയര്‍ അഭിഭാഷകന്‍ രാഹു(28)ലിനാണ് കുത്തേറ്റത്. സംഭവത്തില്‍ ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറിയും അഭിഭാഷകനുമായ അശോക് അമാനെ ചെങ്ങന്നൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. അശോക് അമാന്റെ ചെങ്ങന്നൂരിലെ വീടിന് സമീപത്ത് ശനിയാഴ്ച രാത്രി പത്തരയോടാണ് സംഭവം. ഇരുവരും തമ്മിലുള്ള വാക്കേറ്റം കൈയാങ്കളിയില്‍ കലാശിക്കുകയും രാഹുലിന് കുത്തേല്‍ക്കുകയുമായിരുന്നു. കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ചാണ് അശോക് രാഹുലിനെ കുത്തിയത്. ആശുപത്രിയില്‍ ചികിത്സയിലുള്ള രാഹുലിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. അശോക് അമാന്റെ ഓഫീസിലെ വക്കാലത്ത് ഒഴിയുന്ന ആളുകളെ രാഹുലിന്റെ ഓഫീസ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് വിവരം