Header ads

CLOSE

കടമെടുപ്പ് പരിധി: ഹര്‍ജി പിന്‍വലിച്ചാല്‍ മാത്രം വായ്പയെന്ന് കേന്ദ്രം; പിന്‍വലിക്കില്ലെന്ന് കേരളം

കടമെടുപ്പ് പരിധി: ഹര്‍ജി പിന്‍വലിച്ചാല്‍ മാത്രം  വായ്പയെന്ന് കേന്ദ്രം; പിന്‍വലിക്കില്ലെന്ന് കേരളം

സുപ്രീംകോടതിയില്‍ വാദം തുടരും
ന്യൂഡല്‍ഹി: കേരളത്തിന് വായ്പ നല്‍കണമെങ്കില്‍ കേരളം സൂപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. ഹര്‍ജി പിന്‍വലിച്ചാല്‍ 13,600 കോടി രൂപ കൂടി വായ്പയെടുക്കാന്‍ കേരളത്തെ അനുവദിക്കാമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ പറഞ്ഞു. എന്നാല്‍ ഹര്‍ജി പിന്‍വലിക്കില്ലെന്നും കേരളത്തിന് അര്‍ഹതപ്പെട്ടതാണ് ആവശ്യപ്പെടുന്നതെന്നും കേരള സര്‍ക്കാര്‍ നിലപാടെടുത്തു. ഇക്കാര്യത്തില്‍ ഇനി ചര്‍ച്ച നടത്തിയിട്ട് കാര്യമില്ലെന്നും കേരളം സുപ്രീം കോടതിയില്‍ അറിയിച്ചു. കടമെടുപ്പ് പരിധിയില്‍ കേരളത്തിന്റെ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി, 
ഇരുപക്ഷത്ത് നിന്നും രാഷ്ട്രീയമല്ല, ഗൗരവതരമായ ചര്‍ച്ചകളാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കി. ചര്‍ച്ചകള്‍ തുടര്‍ന്നു കൂടെയെന്ന് ജസ്റ്റീസ് കെ.വി വിശ്വനാഥന്‍ ആരാഞ്ഞപ്പോള്‍ ചര്‍ച്ചയ്ക്ക് ഇനി കാര്യമില്ലെന്നും അടിയന്തര ആവശ്യം കണക്കിലെടുക്കണമെന്നും കേരളം നിലപാടെടുത്തു. ഇതോടെ മാര്‍ച്ച് 6,7 തീയതികളില്‍ വാദം കേള്‍ക്കുന്നതിനായി ഹര്‍ജി മാറ്റി. വിഷയത്തില്‍ കോടതി തീരുമാനമെടുക്കുമെന്ന് അറിയിച്ചെങ്കിലും ഇതിനിടെ ചര്‍ച്ചയ്ക്ക് സാധ്യത ഉണ്ടെങ്കില്‍ നോക്കണമെന്നും കോടതി നിര്‍ദേശിച്ചു. 
കടമെടുപ്പ് പരിധിയില്‍ സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം കേന്ദ്രവും കേരളവും നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. കേരളം ഉന്നയിച്ച ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിച്ചില്ല. കോടതിയില്‍ കേസ് നില്‍ക്കുമ്പോള്‍ എങ്ങനെ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന നിലപാടാണ് കേന്ദ്ര ഉദ്യോഗസ്ഥര്‍ ചര്‍ച്ചയിലുടനീളം സ്വീകരിച്ചത്. 
ധനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് കേന്ദ്ര ധനമന്ത്രാലയ ഉദ്യോഗസ്ഥരുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയത്. ചര്‍ച്ചയില്‍ ധന മന്ത്രി നിര്‍മല സീതാരാമന്‍ പങ്കെടുത്തില്ല. ധനകാര്യ സെക്രട്ടറി, സോളിസിറ്റര്‍ ജനറല്‍ തുടങ്ങിയവരാണ്  ചര്‍ച്ചയില്‍ കേന്ദ്രത്തിന് വേണ്ടി പങ്കെടുത്തത്.
 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads