കൊച്ചി:സിനിമ, സീരിയല്‍ നടന്‍ കൈലാസ് നാഥ് (65) അന്തരിച്ചു. കരള്‍ രോഗം ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ട് 3.30ഓടെയായിരുന്നു അന്ത്യം. ഒട്ടേറെ സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. സംസ്‌കാരം നാളെ(വെള്ളിയാഴ്ച) നടത്തും. മകള്‍ ധന്യയ്ക്കൊപ്പം തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റിലായിരുന്നു താമസം. തിരുവനന്തപുരം സ്വദേശിയാണ്. ആദ്യ കാലത്ത് സിനിമയിലും പിന്നീട് മലയാള സീരിയല്‍ രംഗത്തും ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി. ശ്രീകുമാരന്‍ തമ്പിയുടെ സംവിധാന സഹായിയായി കുറേക്കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളത്തില്‍ 'ഇതു നല്ല തമാശ' എന്ന സിനിമ സംവിധാനം ചെയ്തു. 1977ല്‍ പുറത്തിറങ്ങിയ 'സംഗമം' എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമാ രംഗത്തെത്തിയത്. തമിഴ് സിനിമയിലും സജീവമായിരുന്നു.