Header ads

CLOSE

സുപ്രീം കോടതി 'ജനങ്ങളുടെ കോടതി'; കോടതികളെ സമീപിക്കാന്‍ ഭയപ്പെടേണ്ട: ചീഫ് ജസ്റ്റീസ്

സുപ്രീം കോടതി  'ജനങ്ങളുടെ കോടതി'; കോടതികളെ സമീപിക്കാന്‍  ഭയപ്പെടേണ്ട: ചീഫ് ജസ്റ്റീസ്

 

 

ന്യൂഡല്‍ഹി: സുപ്രീം കോടതി പ്രവര്‍ത്തിക്കുന്നത് 'ജനങ്ങളുടെ കോടതി'യായാണെന്നും കോടതികളെ സമീപിക്കാന്‍ ജനങ്ങള്‍ ഭയക്കേണ്ട ആവശ്യമില്ലെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്. ജനങ്ങള്‍ക്ക് തങ്ങളുടെ അവസാന അത്താണിയായി സുപ്രീം കോടതിയെ കാണാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനയുടെ അംഗീകാരത്തോടെ ജനാധിപത്യ സ്ഥാപനങ്ങളിലൂടെയും സംവിധാനങ്ങളിലൂടെയും രാഷ്ട്രീയ ഭിന്നതകള്‍ പരിഹരിക്കുന്നതിന് സമാനമായി വ്യവസ്ഥാപിത തത്വങ്ങളിലൂടെയും നടപടിക്രമങ്ങളിലൂടെയും അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാനും കോടതികള്‍ സഹായിക്കുന്നു. ആ വിധത്തില്‍ രാജ്യത്തെ ഓരോ കോടതിയിലേയും ഓരോ കേസും ഭരണനിര്‍വഹണങ്ങളുടെ ഭാഗമാണെന്നും സുപ്രീം കോടതിയില്‍ നടന്ന ഭരണഘടനാദിന ആഘോഷപരിപാടി ഉദ്ഘാടനവേളയില്‍ ചീഫ് ജസ്റ്റീസ് പറഞ്ഞു.
കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി സുപ്രീം കോടതി ജനങ്ങളുടെ കോടതിയായി പ്രവര്‍ത്തിച്ചുവരികയാണ്. നീതി ലഭിക്കുമെന്ന വിശ്വാസത്തോടെ ആയിരക്കണക്കിന് പൗരര്‍ സുപ്രീം കോടതിയുടെ വാതില്‍ക്കലെത്തി. വ്യക്തിസ്വാതന്ത്ര്യം, നിയമാനുസൃതമല്ലാത്ത അറസ്റ്റ്, കരാര്‍ തൊഴിലാളികളുടെ അവകാശങ്ങള്‍, ഗോത്രവര്‍ഗക്കാരുടെ ഭൂമിയുടെ സംരക്ഷണം, സാമൂഹിക അതിക്രമങ്ങള്‍ക്കെതിരെയുള്ള സംരക്ഷണം എന്നിവയില്‍ ഇടപെടലുണ്ടാകുമെന്ന വിശ്വാസത്തിലാണ് ജനങ്ങള്‍ കോടതികളെ സമീപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ വ്യവഹാരങ്ങളൊന്നും കോടതിക്ക് വെറും ദൃഷ്ടാന്തങ്ങളോ കണക്കുകളോ അല്ല. സുപ്രീം കോടതിയില്‍ ജനങ്ങള്‍ക്കുള്ള പ്രത്യാശയും ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കുന്നതിന് സുപ്രീം കോടതിക്കുള്ള ഉത്തരവാദിത്വവും പ്രതിഫലിക്കുന്നതാണെന്നും ജസ്റ്റീസ് ചന്ദ്രചൂഡ് പറഞ്ഞു.
കോടതികളില്‍ നടക്കുന്നതെന്താണെന്ന് ജനങ്ങള്‍ക്ക് വ്യക്തമാകുന്നതിന് വേണ്ടി ഇപ്പോള്‍ കോടതികളിലെ നടപടിക്രമങ്ങളുടേയും വ്യവഹാരങ്ങളുടെ തീര്‍പ്പുകളുടേയും ലൈവ് സ്ട്രീമിംഗ് നടത്തുന്നുണ്ട്. കോടതി നടപടിക്രമങ്ങളെക്കുറിച്ച് മാദ്ധ്യമങ്ങള്‍ നിരന്തരമായി റിപ്പോര്‍ട്ടുകള്‍ നല്‍കുന്നതില്‍നിന്ന് കോടതികളുടെ പ്രവര്‍ത്തനങ്ങളെ ജനങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന കാര്യം വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ് എന്നിവയുടെ സഹായത്തോടെ കോടതിവിധികള്‍ പ്രാദേശികഭാഷകളിലേയ്ക്ക് തര്‍ജമ ചെയ്യുന്നതിനുള്ള തീരുമാനവും സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നുണ്ടായതായും ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടി. ഇലക്ട്രോണിക് രേഖകളുടെ ദ്രുതവും സുരക്ഷിതവുമായ സംപ്രേഷണത്തിന് FASTER ന്റെ 2.0 വേര്‍ഷന്‍ ഞായറാഴ്ച ലോഞ്ച് ചെയ്യുന്ന കാര്യവും അദ്ദേഹം അറിയിച്ചു. ഇതിലൂടെ ജയിലില്‍ നിന്ന് ഒരു വ്യക്തിയെ മോചിപ്പിക്കുന്നതിനുള്ള മേല്‍ക്കോടതി ഉത്തരവ് സമയം വൈകാതെ കീഴ്ക്കോടതികള്‍ക്കും ജയില്‍ അധികൃതര്‍ക്കും ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രപതി ദ്രൗപദി മുര്‍മു ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. നിയമനടപടികള്‍ കൂടുതല്‍ ലഘൂകരിക്കാനുള്ള ശ്രമങ്ങള്‍ നിരന്തരം നടത്തിവരികയാണെന്ന് രാഷ്ട്രപതി ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. സുപ്രീം കോടതി ജഡ്ജിമാരായ ജസ്റ്റീസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റീസ് സഞ്ജീവ് ഖന്ന, കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ് വാള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.


 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads