കമ്പം: ജനവാസമേഖലയിലിറങ്ങി പരിഭ്രാന്തി പരത്തിയ അരിക്കൊമ്പനെ തമിഴ്‌നാട് വനംവകുപ്പ് മയക്കുവെടി വച്ച് ലോറിയിലാക്കി തിരുനെല്‍വേലി ജില്ലയിലെ അംബാസമുദ്രം കളക്കാട് കടുവാ സങ്കേതത്തില്‍ തുറന്നു വിട്ടു. മെഡിക്കല്‍ സംഘത്തിന്റെ പരിശോധനയ്ക്ക് ശേഷമാണ് ഇന്ന് സന്ധ്യയോടെ ആനയെ തുറന്നു വിട്ടത്. അരിക്കൊമ്പനെ പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാകാത്ത വിധം സംരക്ഷിത വനമേഖലയിലേയ്ക്ക് മാറ്റുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിനിടെ അരിക്കൊമ്പനെ ഇന്ന് തുറന്നുവിടരുതെന്ന് മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അത്തരമൊരു ഉത്തരവ് ലഭിച്ചില്ലെന്ന് തമിഴ്‌നാട് വനം് മന്ത്രി മതിവേന്തന്‍ പറഞ്ഞു. എറണാകുളം സ്വദേശിയായ റബേക്ക ജോസഫ് നല്‍കിയ ഹര്‍ജിയില്‍ അരിക്കൊമ്പനെ കാട്ടില്‍ തുറന്നുവിടുന്നത് മദ്രാസ് ഹൈക്കോടതി തടഞ്ഞെന്നായിരുന്നു റിപ്പോര്‍ട്ട്.