കൊച്ചി: എറണാകുളം പള്ളുരുത്തിയില്‍ മയക്കുമരുന്ന് വില്‍പന സംഘത്തില്‍പ്പെട്ടവരും ഗുണ്ടാസംഘവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കൊലക്കേസ് പ്രതിയായ യുവാവിനെ കുത്തിക്കൊന്നു. ഏലൂര്‍ കാഞ്ഞിരക്കുന്നത്ത് വീട്ടില്‍ കരീമിന്റെ മകന്‍ ലാല്‍ജു (40) ആണ് മരിച്ചത്. പ്രതി ഫാജിസിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് സംഭവം. ലാല്‍ജുവിനെയും ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന പള്ളുരുത്തി സ്വദേശി ജോജിയെയും കുത്തിയശേഷം ഫാജിസ് കടന്നുകളയുകയായിരുന്നു. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ലാല്‍ജു മരിച്ചു. മൃതദേഹം എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റ ജോജിയുടെ നില ഗുരുതരമാണ്. സംഭവം പ്രതികാര കൊലയാണെന്ന് പൊലീസ് സംശയിക്കുന്നു. 2021-ല്‍ കുമ്പളങ്ങിയില്‍ ആന്റണി ലാസര്‍ എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാംപ്രതിയാണ് മരിച്ച ലാല്‍ജു. അക്രമം നടത്തിയ ഫാജിസ് മുമ്പും നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളാണ്.