Header ads

CLOSE

രാഹുലും കോലിയും രക്ഷകരായി; ഓസ്ട്രേലിയയെ ഇന്ത്യ ആറ്‌വിക്കറ്റിന് തകര്‍ത്തു

രാഹുലും കോലിയും രക്ഷകരായി; ഓസ്ട്രേലിയയെ ഇന്ത്യ ആറ്‌വിക്കറ്റിന് തകര്‍ത്തു

ചെന്നൈ:രാഹുലിന്റയും കോലിയുടെയും കരുത്തില്‍  ഓസ്ട്രേലിയയെ തകര്‍ത്ത  ഇന്ത്യയ്ക്ക് 2023 ക്രിക്കറ്റ് ലോകകപ്പില്‍ വിജയത്തുടക്കം. ഓസ്ട്രേലിയയെ ആറുവിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ വിജയം നോടിയത്. അര്‍ദ്ധസെഞ്ച്വറി നേടിയ കോലിയും രാഹുലും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ബൗളര്‍മാരും ചേര്‍ന്നാണ് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്. ഓസീസ് ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 41.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. രാഹുല്‍ 97 റണ്‍സെടുത്ത് പുറത്താകാതെ നിന്ന് ടീമിന്റെ ടോപ് സ്‌കോററായി. കോലി 85 റണ്‍സെടുത്തു.
ഓസീസ് ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് സ്‌കോര്‍ വെറും രണ്ട് റണ്‍സിലെത്തിയപ്പോഴേക്കും മൂന്ന് മുന്‍നിര ബാറ്റര്‍മാരെ നഷ്ടമായി. ഇഷാന്‍ കിഷന്‍ (0), രോഹിത് ശര്‍മ്മ (0), ശ്രേയസ് അയ്യര്‍ (0) എന്നിവരാണ് പുറത്തായത്. കിഷനെ സ്റ്റാര്‍ക്കും രോഹിത്തിനെയും ശ്രേയസിനെയും ഹെയ്സല്‍വുഡും പുറത്താക്കി. തുടര്‍ന്ന് നാലാം വിക്കറ്റില്‍ ക്രീസിലൊന്നിച്ച വിരാട് കോലിയും കെ.എല്‍.രാഹുലും ചേര്‍ന്ന് വലിയ തകര്‍ച്ചയില്‍ നിന്ന് ടീമിനെ രക്ഷിച്ചു. ഓരോ പന്തും അതീവ ശ്രദ്ധയോടെ കളിച്ച ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 100 കടത്തി. പിന്നാലെ കോലിയും രാഹുലും അര്‍ദ്ധസെഞ്ച്വറി നേടി. 
35-ാം ഓവറില്‍ രാഹുലും കോലിയും ചേര്‍ന്ന് ടീം സ്‌കോര്‍ 150 കടത്തി. പിന്നാലെ ഇരുവരും 150 റണ്‍സിന്റെ കൂട്ടുകെട്ടും പടുത്തുയര്‍ത്തി. ഏകദിന ലോകകപ്പില്‍ ഓസീസിനെതിരെ ഇതാദ്യമായാണ് ഇന്ത്യന്‍ താരങ്ങള്‍ 150 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കുന്നത്. 38-ാം ഓവറില്‍ കോലി പുറത്തായി. ഹെയ്സല്‍വുഡിന്റെ പന്തില്‍ കോലിയെ ലബൂഷെയ്ന്‍ ക്യാച്ചെടുത്ത് പുറത്താക്കി. 116 പന്തുകളില്‍നിന്ന് ആറ്‌ഫോറിന്റെ അകമ്പടിയോടെ 85 റണ്‍സെടുത്ത് ടീമിന്റെ വിജയമുറപ്പിച്ച ശേഷമാണ് കോലി ക്രീസ് വിട്ടത്. കോലിയ്ക്ക് പകരം ഹാര്‍ദിക് പാണ്ഡ്യ ക്രീസിലെത്തി. പാണ്ഡ്യ വന്നതോടെ ഇന്ത്യ ബാറ്റിംഗിന്റെ വേഗം കൂട്ടി. ഹാര്‍ദിക്കിനെ കൂട്ടുപിടിച്ച് രാഹുല്‍ ഇന്ത്യയെ വിജയത്തിലെത്തിച്ചു. രാഹുല്‍ 115 പന്തുകളില്‍ നിന്ന് എട്ട് ഫോറിന്റെയും രണ്ട് സിക്സിന്റെയും സഹായത്തോടെ 97 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഹാര്‍ദിക് 11 റണ്‍സ് നേടി. ഓസ്ട്രേലിയയ്ക്ക് വേണ്ടി ജോഷ് ഹെയ്സല്‍വുഡ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഒരു വിക്കറ്റ് സ്വന്തമാക്കി.

ആദ്യം ബാറ്റുചെയ്ത ഓസ്ട്രേലിയ 49.3 ഓവറില്‍ 199 റണ്‍സിന് ഓള്‍ ഔട്ടായി. ലോകോത്തര നിലവാരം പുലര്‍ത്തിയ ഇന്ത്യന്‍ ബൗളര്‍മാര്‍ പേരുകേട്ട ഓസീസ് ബാറ്റിങ് നിരയെ തകര്‍ത്തെറിഞ്ഞു. 46 റണ്‍സെടുത്ത സ്റ്റീവ് സ്മിത്താണ് ഓസീസിന്റെ ടോപ് സ്‌കോറര്‍.
ഇന്ത്യയ്ക്ക് വേണ്ടി രവീന്ദ്ര ജഡേജ 10 ഓവറില്‍ രണ്ട് മെയ്ഡനടക്കം 28 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്ന് വിക്കറ്റെടുത്തു. ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ മുഹമ്മദ് സിറാജ്, ഹാര്‍ദിക് പാണ്ഡ്യ, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads