തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ പി ആര്‍ അരവിന്ദാക്ഷന്റെ 90വയസുള്ള അമ്മയുടെ പേരിലെ അക്കൗണ്ടില്‍ 63 ലക്ഷം രൂപയുടെ നിക്ഷേപമെന്ന് ഇഡി കണ്ടെത്തി. പെരിങ്ങണ്ടൂര്‍ ബാങ്കിലെ ഈ അക്കൗണ്ടിന്റെ നോമിനി കേസിലെ മുഖ്യ പ്രതി സതീഷ് കുമാറിന്റെ സഹോദരന്‍ ശ്രീജിത്താണ്. അരവിന്ദാക്ഷന്റെ വിദേശ സന്ദര്‍ശനങ്ങളെ സംബന്ധിച്ചും അന്വേഷണം നടത്തുമെന്ന് ഇഡി അറിയിച്ചു. അരവിന്ദാക്ഷന്‍ ഒറ്റയ്ക്കല്ലെന്നും കേസില്‍ ഇനിയും പ്രതികളുണ്ടെന്നുംഎന്‍ഫോഴ്‌സ്‌മെന്റ് കോടതിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. അരവിന്ദാക്ഷന് ബന്ധമുള്ള ഉന്നതരില്‍ ആരൊക്കെ തട്ടിപ്പിന്റെ പങ്ക് പറ്റി എന്ന് കണ്ടെത്താനാണ് ഇഡി ശ്രമം. ഇഡിയുടെ നീക്കങ്ങള്‍ എം കെ കണ്ണനെയും എ സി മൊയ്തീനെയും ലക്ഷ്യമിട്ടാണെന്ന് ഉറപ്പായതോടെ സിപിഎം കൂടുതല്‍ പ്രതിരോധത്തിലായിട്ടുണ്ട്.