തിരുവനന്തപുരം: കേരളത്തിന്റെ ചീഫ് സെക്രട്ടറിയായി ഡോ.വി.വേണുവും പൊലീസ് മേധാവിയായി ഷെയ്ഖ് ദര്‍വേഷ് സാഹിബും ചുതലയേറ്റു. ദര്‍ബാര്‍ ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തില്‍ നടന്ന സര്‍ക്കാരിന്റെ ഔദ്യോഗിക യാത്രയയപ്പ് ചടങ്ങിനു ശേഷം ഡോ.വി.വേണു ചീഫ് സെക്രട്ടറി ആയി ചുമതലയേറ്റു. ഉച്ചയ്ക്ക് പൊലീസ് ആസ്ഥാനത്തെത്തിയ ഷെയ്ഖ് ദര്‍വേഷ് സാഹിബ് ധീരസ്മൃതിഭൂമിയില്‍ ആദരം അര്‍പ്പിച്ചശേഷം സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു. അതിനുശേഷം ഡിജിപിയുടെ ചേംബറിലെത്തി നിലവിലെ സംസ്ഥാന പൊലീസ് മേധാവിഅനില്‍കാന്തില്‍ നിന്ന് അധികാരദണ്ഡ് ഏറ്റുവാങ്ങി. രാവിലെ 7.45ന് പേരൂര്‍ക്കട എസ്എപി ഗ്രൗണ്ടില്‍ നടന്ന വിടവാങ്ങല്‍ പരേഡില്‍ വിരമിച്ച ഡിജിപി അനില്‍ കാന്തിന് പൊലീസ് സേന ഔദ്യോഗിക യാത്രയയപ്പ് നല്‍കി. 1990ബാച്ച് ഐപിഎസ് ഓഫീസറായ ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഫയര്‍ ആന്റ് റെസ്‌ക്യു ഡയറക്ടര്‍ സ്ഥാനത്ത് നിന്നാണ് സംസ്ഥാന പൊലീസ് മേധാവി പദവിയിലെത്തിയത്.