പുനലൂര്‍: ഭൂരഹിതരില്ലാത്ത പുനലൂര്‍ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇടമണ്‍ പട്ടയകൂപ്പ് പ്രദേശത്തെ ഭൂമിയുടെ രേഖകള്‍ ഇല്ലാതിരുന്ന പതിനൊന്നോളം പേര്‍ക്ക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കരം അടച്ച രസീത് നല്‍കി. പട്ടയം ലഭ്യമായ ഭൂമി കാലാവധിക്ക് മുമ്പ് കൈമാറ്റം ചെയ്തതിനാലാണ് ഇവര്‍ക്ക് കരം അടച്ച് മറ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് സ്വന്തം പേരില്‍ ഭൂരേഖകള്‍ മാറ്റിയെടുക്കാന്‍ കഴിയാതിരുന്നത്.
കരമടച്ച രസീത് ലഭ്യമായ ഗുണഭോക്താക്കളുടെ യോഗത്തില്‍ എല്ലാവര്‍ക്കും പി എസ് സുപാല്‍ എംഎല്‍എ രേഖകള്‍ കൈമാറി. പട്ടയകൂപ്പ് പ്രദേശത്ത് സംഘടിപ്പിച്ച യോഗത്തില്‍ വാര്‍ഡ് അഗം അമ്പിളി സന്തോഷ്, സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം എല്‍.ഗോപിനാഥപിള്ള, ലോക്കല്‍ കമ്മറ്റി സെക്രട്ടറി സുദര്‍ശനന്‍, എ.ജോസഫ്, തുടങ്ങിയവര്‍ പങ്കെടുത്തു.