തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ കമ്പനി ജിഎസ്ടി മുഴുവന്‍ അടച്ചില്ല എന്നത് മാത്രമാണ് തര്‍ക്കമെന്നും ഇതോടെ മാസപ്പടി വിവാദത്തിന് തിരശ്ശീല വീണുവെന്നും സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ തോമസ്‌ഐസക്.
സര്‍ക്കാരിന് കിട്ടാനുള്ള ജിഎസ്ടി അല്ല തന്റെ പോരാട്ടത്തന്റെ ലക്ഷ്യമെന്നും സേവനം നല്‍കിയതിനാണ് മുഖ്യമന്ത്രിയുടെ മകള്‍ക്ക് പണം ലഭിച്ചതെന്ന സിപിഎം സെക്രട്ടറിയേറ്റിന്റെ ന്യായീകരണം പൊളിക്കാനാണ് കണക്കുകള്‍ പുറത്തു കൊണ്ടുവന്നതെന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എ. മാസപ്പടിയായി കൈപ്പറ്റിയ 1.72 കോടി രൂപയ്ക്കുള്ള നികുതി അടച്ചിട്ടില്ല എങ്കില്‍ ഇനി സിപിഎം സേവനം എന്ന വാക്ക് മിണ്ടരുത്. മറിച്ച് മുഖ്യമന്ത്രിയുടെ മകള്‍ വാങ്ങിയ കൈക്കൂലി, അല്ലെങ്കില്‍ മാസപ്പടി, അതുമല്ലെങ്കില്‍ അഴിമതിപ്പണം എന്നേ പറയാവൂവെന്നും കുഴല്‍ നാടന്‍ പറഞ്ഞു. കേസ് വാദം തുടങ്ങിയിട്ടേയുള്ളൂവെന്നും അതിന് മുമ്പേ വിധി പറയാന്‍ വെപ്രാളപ്പെടേണ്ടെന്നും കുഴല്‍നാടന്‍ പറഞ്ഞു.