Header ads

CLOSE

എം എന്‍ വിജയനെ സിപിഎം തിരിച്ചെടുത്തെങ്കില്‍ തുറന്ന് പറയണമെന്ന് മകന്‍ വി.എസ്. അനില്‍കുമാര്‍

എം എന്‍ വിജയനെ സിപിഎം തിരിച്ചെടുത്തെങ്കില്‍ തുറന്ന് പറയണമെന്ന്  മകന്‍  വി.എസ്. അനില്‍കുമാര്‍

തൃശൂര്‍: പു.ക.സ. ജില്ലാ സമ്മേളനത്തിന് എം.എന്‍. വിജയന്റെ പേരില്‍ സ്മൃതിയാത്ര സംഘടിപ്പിക്കുന്നതിനെതിരെ മകനും എഴുത്തുകാരനുമായ വി.എസ്. അനില്‍കുമാര്‍. 'എന്താണ് ഞങ്ങള്‍ മറക്കേണ്ടത്?' എന്ന ചോദ്യവുമായി രംഗത്തെത്തിയ അനില്‍കുമാര്‍, 'ഞങ്ങള്‍ എന്നാല്‍ വീട്ടുകാര്‍ എന്ന് ചുരുക്കരുതെന്നും എം.എന്‍. വിജയന്റെ ചിന്തകള്‍ ശരിയാണെന്ന് കരുതുന്നവര്‍ മുഴുവനുമാണെന്നും'പറയുന്നു.
'വിജയന്‍സ്മൃതി എന്ന് പോസ്റ്ററില്‍ അച്ചടിക്കുമ്പോഴേക്കും ഞങ്ങള്‍ക്ക് ഭയങ്കര ആവേശമുണ്ടാകുമെന്നാണോ നിങ്ങള്‍ കരുതുന്നത്. അദ്ദേഹത്തിന്റെ പേരില്‍ സ്മൃതിയാത്ര നടത്താനുള്ള തീരുമാനം ധാര്‍മ്മികതയില്ലാത്ത, നൈതികതയില്ലാത്ത സമീപനവും പ്രവൃത്തിയുമായിപ്പോയി. മറവിരോഗമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് മറക്കാം. ധാര്‍മ്മികത ഇല്ലാത്തതിന്റെ പേരില്‍ നിങ്ങള്‍ക്ക് സാധൂകരിക്കാം. പുരയ്ക്കുമേല്‍ ചാഞ്ഞ ഒരു പാഴ്മരമല്ല എം.എന്‍. വിജയനെന്ന് എല്ലാവര്‍ക്കുമറിയാമായിരുന്നു.'കായ്ഫലമുള്ള മരങ്ങള്‍ പുരയ്ക്കു മേല്‍ ചാഞ്ഞാല്‍ വെട്ടിമാറ്റുകയല്ല, വലിച്ചുകെട്ടി സംരക്ഷിക്കുകയാണ് പതിവ്. എന്നാല്‍, എം.എന്‍. വിജയന്‍ നീചനാണ്, നിസ്സാരനാണ്, ബുദ്ധിയില്ലാത്തവനാണ്, പുരയ്ക്കുമേല്‍ ചാഞ്ഞ മരം വെട്ടിമാറ്റുകതന്നെ വേണമെന്ന ആക്രോശമാണ് അന്നുണ്ടായത്. അദ്ദേഹത്തിന്റെ സമ്പൂര്‍ണകൃതികള്‍ പ്രസിദ്ധീകരിക്കരുതെന്നാവശ്യപ്പെട്ട് പ്രമുഖ പ്രസാധകരെ പാര്‍ട്ടി നേതാവ് സമീപിച്ചിരുന്നു. മലപ്പുറം സമ്മേളനത്തിന്റെ ഭാഗമായി ആദ്യം പ്രസംഗിക്കാന്‍ ക്ഷണം ലഭിച്ച അദ്ദേഹത്തിന്റെ പേര് പിന്നീട് വെട്ടിമാറ്റുകയാണുണ്ടായത്. അതൊരു പരസ്യ ശിക്ഷയായിരുന്നു'.
'എം.എന്‍. വിജയന്‍ പു.ക.സ. അദ്ധ്യക്ഷസ്ഥാനം രാജിവച്ചുപോകുമ്പോള്‍ ഉണ്ടായിരുന്ന പ്രശ്നങ്ങള്‍ അവസാനിച്ചോ? അദ്ദേഹം ഉയര്‍ത്തിയ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടായോ? എം.എന്‍. വിജയനെ പാര്‍ട്ടി തിരിച്ചെടുത്തിട്ടുണ്ടെങ്കില്‍ അത് തുറന്നുപറയണം.'അദ്ദേഹത്തിന്റെ പേരുപയോഗിക്കാന്‍ എന്താണ് ഇപ്പോള്‍ പു.ക.സ.യ്ക്ക് വിചിന്തനമുണ്ടായതെന്നും അനില്‍കുമാര്‍ ചോദിക്കുന്നു. വി. എസ്. അനില്‍കുമാറിന്റെ വിമര്‍ശനത്തിന് പിന്നാലെ പു.ക.സ. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായ എം എന്‍ വിജയന്‍ സ്മൃതിയാത്രയുടെ ഉദ്ഘാടനവേദി മാറ്റി. വിജയന്റെ എടവിലങ്ങിലെ വീട്ടില്‍നിന്ന് യാത്ര ആരംഭിക്കുമെന്നാണ് പ്രചാരണപോസ്റ്ററുകളില്‍ പറഞ്ഞിരുന്നത്. എന്നാല്‍ പുതിയ പോസ്റ്ററുകളിലുള്ളത് എടവിലങ്ങ് ചന്തയില്‍നിന്നാരംഭിക്കുമെന്നാണ്.
 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads