കണ്ണൂര്‍: കാല്‍നടയാത്രക്കാരനെ ഇടിച്ചതിന് പിന്നാലെ ജനക്കൂട്ടത്തിന്റെ ആക്രമണം ഭയന്നിറങ്ങിയോടിയ ബസ് ഡ്രൈവര്‍ ട്രെയിന്‍ തട്ടി മരിച്ചു. പന്ന്യന്നൂര്‍ സ്വദേശി പുതിയവീട്ടില്‍ കെ.ജീജിത്ത് (45) ആണ് മരിച്ചത്. മുനീര്‍ എന്നയാള്‍ക്കാണ് ബസിടിച്ച് പരിക്കേറ്റത്. തലശേരി പുന്നോല്‍ പെട്ടിപ്പാലത്ത് ഇന്ന് വൈകിട്ട് 6.15നായിരുന്നു സംഭവം.
വടകര ഭാഗത്തുനിന്ന് തലശേരി ഭാഗത്തേയ്ക്ക് വന്ന ബസ്, പെട്ടിപ്പാലം പഴയ കള്ളുഷാപ്പിന് സമീപത്തുവച്ച് റോഡിലൂടെ നടന്നുപോകുകയായിരുന്ന മുനീര്‍ എന്നയാളെ ഇടിച്ചു. ഉടന്‍തന്നെ ജനക്കൂട്ടത്തിന്റെ ആക്രമണം ഭയന്ന് ഇറങ്ങിയോടിയ ജീജിത്തിനെ, സമീപത്തെ റെയില്‍വേ ട്രാക്കിലൂടെയെത്തിയ ട്രെയിന്‍ ഇടിക്കുകയായിരുന്നു.
ആളുകള്‍ ഓടിക്കൂടിയെങ്കിലും ജീജിത്ത് തല്‍ക്ഷണം മരിച്ചു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. പരിക്കേറ്റ മുനീര്‍ ചികിത്സയിലാണ്.