ന്യൂഡല്‍ഹി: ഇന്ത്യയുടെ ആയിരക്കണക്കിന് കിലോമീറ്റര്‍ ഭൂമി ചൈന കൈയടക്കിയെന്നും ഒരിഞ്ചു ഭൂമി പോലും നഷ്ടപ്പെട്ടില്ലെന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളം പറയുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. കാര്‍ഗിലില്‍ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈന ഇന്ത്യയുടെ ഭൂമി കൈയടക്കിയെന്ന് ലഡാക്കില്‍, പ്രത്യേകിച്ച് പാംഗോംഗില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ എനിക്കു ബോധ്യമായി. മോദി കള്ളം പറയുകയാണ്. ചൈന ഇന്ത്യയുടെ ഭൂമി തട്ടിയെടുത്തെന്ന് ലഡാക്കിലെ ഓരോരുത്തര്‍ക്കും അറിയാം' രാഹുല്‍ പറഞ്ഞു. ലഡാക്കിലെ ജനങ്ങളുടെ ശബ്ദം അടിച്ചമര്‍ത്തിയിരിക്കുകയാണ്. ഈ മേഖലയുടെ പ്രശ്‌നങ്ങള്‍ പാര്‍ലമെന്റിലുന്നയിക്കും. തൊഴിലില്ലായ്മ പരിഹരിച്ചുവെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം കള്ളമാണ്. ചില നേതാക്കള്‍ അവരുടെ 'മന്‍ കീ ബാത്ത്' മാത്രമാണ് സംസാരിക്കുന്നത്. ഞാന്‍ നിങ്ങളുടെ 'മന്‍ കീ ബാത്ത്' കേള്‍ക്കാനാണ് വന്നതെന്നും വ്യാഴാഴ്ച കാര്‍ഗിലില്‍ എത്തിയ രാഹുല്‍ഗാന്ധി പറഞ്ഞു.