മുംബൈ: മുംബൈ-ജയ്പൂര്‍ എക്‌സ്പ്രസില്‍ ഇന്ന് പുലര്‍ച്ചെ ആര്‍.പി.എഫ് കോണ്‍സ്റ്റബിള്‍ നടത്തിയ വെടിവയ്പ്പില്‍ എസ്.ഐ ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു.ഒരു ആര്‍പിഎഫ് എസ്. ഐ, പാന്‍ട്രി ജീവനക്കാരന്‍, രണ്ട് യാത്രക്കാര്‍ എന്നിവരാണ് മരിച്ചത്. കൂട്ടക്കൊല നടത്തിയ ആര്‍.പി.എഫ് കോണ്‍സ്റ്റബിള്‍ ചേതന്‍ സിംഗിനെ ഇയാള്‍ ഉപയോഗിച്ച തോക്കുമായി മുംബൈ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു. മുംബൈയില്‍ നിന്ന് ജയ്പൂരിലേക്കുള്ള യാത്രക്കിടെ ബി-5 കോച്ചിലായിരുന്നു സംഭവം. പുലര്‍ച്ചെ അഞ്ച് മണിയോടെ ട്രെയിന്‍ പാല്‍ഗര്‍ സ്റ്റേഷന്‍ കടന്നതിന് ശേഷമായിരുന്നു വെടിവയ്പ്പ്. യാത്രക്കാരില്‍ ഭൂരിഭാഗവും ഉറക്കമായിരുന്നു. കൊലപാതകത്തിന് ശേഷം ദഹിസാര്‍ സ്റ്റേഷന് സമീപത്ത് വച്ച് ഇയാള്‍ ട്രെയിനില്‍ നിന്ന് ചാടി. ബോറിവലി സ്റ്റേഷനില്‍ വച്ച് മൃതദേഹങ്ങള്‍ ട്രെയിനില്‍ നിന്ന് സമീപത്തെ ആശുപത്രിയിലേയ്ക്ക് മാറ്റി. കൊലപാതക കാരണം വ്യക്തമല്ല.