Header ads

CLOSE

ഉമ്മന്‍ ചാണ്ടി ജനക്കൂട്ടം വിട്ട് യാത്രയായി അന്ത്യം ഇന്ന് പുലര്‍ച്ചെ ബംഗളുരുവിലെ ആശുപത്രിയില്‍

ഉമ്മന്‍ ചാണ്ടി ജനക്കൂട്ടം വിട്ട് യാത്രയായി അന്ത്യം ഇന്ന് പുലര്‍ച്ചെ  ബംഗളുരുവിലെ ആശുപത്രിയില്‍

സംസ്ഥാനത്ത് ഇന്ന് പൊതു അവധി
രണ്ട് ദിവസം ദുഃഖാചരണം
സംസ്‌കാരം പുതുപ്പള്ളിയില്‍
ഇന്ന് തിരുവനന്തപുരത്ത് പൊതുദര്‍ശനം

തിരുവനന്തപുരം: കേരളത്തിന്റെ മുന്‍മുഖ്യമന്ത്രിയും ജനങ്ങള്‍ക്കൊപ്പം ജീവിച്ച അസാധാരണരാഷ്ട്രീയനേതാവുമായിരുന്ന ഉമ്മന്‍ ചാണ്ടി (79) അന്തരിച്ചു. അര്‍ബുദബാധിതനായി ചികിത്സയിലിരുന്ന ബംഗളുരുവിലെ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ 4.25നായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട് പുതുപ്പള്ളിയില്‍ നടക്കും. ഉമ്മന്‍ ചാണ്ടിയുടെ ഭൗതിക ശരീരം ഇന്ന് പ്രത്യേക വിമാനത്തില്‍ ബംഗളുരുവില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിക്കും. കെപിസിസി ആസ്ഥാനത്തും ദര്‍ബാര്‍ ഹാളിലും പൊതുദര്‍ശനത്തിന് വയ്ക്കും. മുന്‍ മുഖ്യമന്ത്രിയോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് ഇന്ന് പൊതു അവധിയും രണ്ടു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.
അരനൂറ്റാണ്ടിലേറെ നിയമസഭാംഗമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ പേരിലാണ് ഏറ്റവും കൂടുതല്‍ കാലം സംസ്ഥാനത്ത് നിയമസഭാ സാമാജികനായതിന്റെ റെക്കോര്‍ഡ്. 1970 മുതല്‍ 2021 വരെ പുതുപ്പള്ളിയില്‍ നിന്നു തുടര്‍ച്ചയായി പന്ത്രണ്ട് തവണ നിയമസഭയിലെത്തി. രണ്ടു തവണയായി ഏഴു വര്‍ഷം മുഖ്യമന്ത്രിയുമായി. തൊഴില്‍, ആഭ്യന്തരം, ധനകാര്യം എന്നീ വകുപ്പുകളുടെ മന്ത്രിയായും പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും എഐസിസി ജനറല്‍ സെക്രട്ടറിയുമാണ്. ഭാര്യ: കനറാ ബാങ്ക് മുന്‍ ഉദ്യോഗസ്ഥ മറിയാമ്മ. മക്കള്‍: മറിയം ഉമ്മന്‍, അച്ചു ഉമ്മന്‍, ചാണ്ടി ഉമ്മന്‍.
1943 ഒക്ടോബര്‍ 31 ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ കെ.ഒ.ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്താണ് ഉമ്മന്‍ ചാണ്ടി ജനിച്ചത്. മുത്തച്ഛന്‍ വി.ജെ.ഉമ്മന്‍ തിരുവിതാംകൂറിലെ ആദ്യ നിയമസഭയായ ട്രാവന്‍കൂര്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ അംഗമായിരുന്നു. പുതുപ്പള്ളി എംഡി സ്‌കൂള്‍, സെന്റ് ജോര്‍ജ് ഹൈസ്്കൂള്‍, കോട്ടയം സിഎംഎസ്. കോളജ്, ചങ്ങനാശേരി എസ്ബി കോളജ്, എറണാകുളം ലോ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 
സ്‌കൂള്‍കാലത്ത് തന്നെ കെഎസ്യുവിലൂടെ സംഘടനാ പ്രവര്‍ത്തനമാരംഭിച്ചു. കെഎസ്യുവിന്റെ പ്രസിദ്ധമായ ഒരണ സമരങ്ങള്‍ക്കു നേതൃത്വം നല്‍കി. 1962 ല്‍ കെഎസ്യു കോട്ടയം ജില്ലാ സെക്രട്ടറിയായി. 65 ല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും 67 ല്‍ സംസ്ഥാന പ്രസിഡന്റുമായി. 69 ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി.
1970 ല്‍, 27-ാം വയസ്സില്‍ പുതുപ്പള്ളിയില്‍നിന്ന് ആദ്യമായി നിയമസഭയിലെത്തി. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായിരുന്ന പുതുപ്പള്ളിയില്‍ അന്നത്തെ എംഎല്‍എ ഇ.എം. ജോര്‍ജിനെയാണ് പരാജയപ്പെടുത്തിയത്. പിന്നീട് ഇന്നുവരെ ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി മണ്ഡലത്തില്‍ അജയ്യനായി തുടര്‍ന്നു. 1977 ല്‍ ആദ്യ കരുണാകന്‍ മന്ത്രിസഭയില്‍ തൊഴില്‍ മന്ത്രിയായി.  82 ല്‍ ആഭ്യന്തരമന്ത്രിയും 91 ല്‍ ധനമന്ത്രിയുമായി. 1982 മുതല്‍ 86 വരെയും 2001 മുതല്‍ 2004 വരെയും യുഡിഎഫ് കണ്‍വീനറായിരുന്നു. 2004 ല്‍ എ.കെ.ആന്റണി മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതിനെത്തുടര്‍ന്ന് ആദ്യമായി മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടി 2011 ല്‍ വീണ്ടും മുഖ്യമന്ത്രിപദത്തിലെത്തി. 2006 മുതല്‍ 2011 വരെ പ്രതിപക്ഷ നേതാവുമായിരുന്നു.
ജനങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന നേതാവ് എന്ന നിലയില്‍ അറിയപ്പെട്ട ഉമ്മന്‍ചാണ്ടി കേരളം കണ്ട തന്ത്രജ്ഞരായ രാഷ്ട്രീയനേതാക്കളില്‍ പ്രമുഖനായിരുന്നു.
 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads