ജറുസലേം: പാലസ്തീന്‍ ഇസ്രയേല്‍ യുദ്ധം രൂക്ഷമാകുന്നതിനിടെ ഗാസ സിറ്റിയിലെയും വടക്കന്‍ ഗാസയിലെയും 11 ലക്ഷത്തോളം ജനങ്ങളോട് 24 മണിക്കൂറിനകം ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ ആവശ്യപ്പെട്ടു.എന്നാല്‍ ആരും വീട്‌വിട്ടുപോകരുതെന്ന് പാലസ്തീന്‍ നേതാക്കള്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. ഇതോടെ പരിഭ്രാന്തരായ ആയിരങ്ങള്‍ കുട്ടികളുമായി ഈജിപ്ത് അതിര്‍ത്തിയോട് ചേര്‍ന്ന ഗാസയുടെ തെക്കന്‍മേഖലയിലേക്ക് പലായനം തുടങ്ങി.ഇതിനകം 4 ലക്ഷം പേര്‍ പലായനം ചെയ്തതായി യുഎന്‍ അറിയിച്ചു. 3.38 ലക്ഷം പേരാണ് യുഎന്‍ ക്യാമ്പുകളിലുള്ളത്. എന്നാല്‍ ആളുകളെ ഒഴിപ്പിക്കുന്നത്അസാധ്യമാണെന്ന് ഗാസയില്‍ പ്രവര്‍ത്തിക്കുന്ന ഐക്യരാഷ്ട്ര സംഘടന ഏജന്‍സികള്‍ വ്യക്തമാക്കി. ആശുപത്രികളില്‍ കഴിയുന്നവരെ ഒഴിപ്പിക്കുന്നത് മരണശിക്ഷയായി മാറുമെന്ന് ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നല്‍കി. സഹായമെത്തിക്കാനാവില്ലെന്ന് റെഡ്‌ക്രോസും അറിയിച്ചു. ജനങ്ങളെ 24 മണിക്കൂറിനകം ഒഴിപ്പിക്കണമെന്ന ആവശ്യം പാലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് തള്ളി. ഇസ്രയേല്‍ ആവശ്യത്തെ യുഎസ് പിന്തുണച്ചു. പലായനം രാജ്യത്തേക്ക് അനിയന്ത്രിത അഭയാര്‍ഥി പ്രവാഹമുണ്ടാക്കുമെന്ന ആശങ്കയിലാണ് ഈജിപ്ത്. ഇസ്രയേല്‍ വ്യോമാക്രമണങ്ങളില്‍ ഗാസയില്‍ 1799 പേര്‍ മരിച്ചതായി പാലസ്തീന്‍ അറിയിച്ചു. ഇസ്രയേലില്‍ 1300 പേരാണ് മരിച്ചത്. ഇസ്രയേല്‍ ബോംബാക്രമണത്തില്‍ ഗാസയിലെ വിവിധ കേന്ദ്രങ്ങളില്‍ 13 ബന്ദികള്‍ കൊല്ലപ്പെട്ടെന്ന് ഹമാസ് അറിയിച്ചു. എന്നാല്‍, ഇസ്രയേല്‍ ഇതു നിഷേധിച്ചു. ശനിയാഴ്ചത്തെ ആക്രമണത്തില്‍ ഹമാസ് 120 പേരെ ബന്ദികളാക്കിയതായി ഇസ്രയേല്‍ സ്ഥിരീകരിച്ചു.