ന്യൂഡല്‍ഹി: 2000 രൂപയുടെ നോട്ട് നാളെ മുതല്‍ വിലയില്ലാത്ത വെറും കടലാസ് കഷണം. മൂല്യം നഷ്ടപ്പെട്ട 2000 രൂപയുടെ നോട്ടുകള്‍ മാറുന്നതിന് റിസര്‍വ് ബാങ്ക് അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും. 93 ശതമാനം നോട്ടും ബാങ്കുകളില്‍ തിരിച്ചെത്തിയതായി ആര്‍ബിഐ കഴിഞ്ഞമാസം അറിയിച്ചിരുന്നു.
കഴിഞ്ഞ മേയ് മാസത്തിലാണ് 2000 രൂപയുടെ നോട്ട് പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. 20,000 രൂപ വരെയുള്ള രണ്ടായിരത്തിന്റെ നോട്ടുകള്‍ ഒരേസമയം ബാങ്കുകളില്‍ മാറാന്‍ അവസരം ഉണ്ടായിരുന്നു. മേയ് 19 മുതല്‍ 2000 രൂപ നോട്ടുകളുടെ ക്രയവിക്രയം നടത്തുന്നതില്‍ റിസര്‍വ് ബാങ്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. 2016ലെ നോട്ടുനിരോധനത്തെ ത്തുടര്‍ന്നാണ് റിസര്‍വ് ബാങ്ക് 2000 രൂപയുടെ നോട്ട് ഇറക്കിയത്. 2018-19 കാലഘട്ടത്തില്‍ രണ്ടായിരം രൂപയുടെ നോട്ട് അച്ചടിക്കുന്നത് റിസര്‍വ് ബാങ്ക് നിര്‍ത്തി.
ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്ക് അവരുടെ ബാങ്ക് ബ്രാഞ്ചില്‍ 2000 രൂപ നോട്ടുകള്‍ ഇന്ന് കൂടി മാറുകയോ നിക്ഷേപിക്കുകയോ ചെയ്യാം. ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും ഐഡി പ്രൂഫില്ലാതെ ഏത് ബാങ്ക് ശാഖയിലും 2000 രൂപയുടെ നോട്ടുകള്‍ മാറ്റിവാങ്ങാം.
ഒരു വ്യക്തിക്ക് ഒരേസമയം 20,000 രൂപ വരെ മാറ്റിവാങ്ങാം. 2000 രൂപ നോട്ടുകള്‍ മാറ്റാനുള്ള സൗകര്യം സൗജന്യമാണ്. പ്രത്യേക ഫീസ് നല്‍കേണ്ടതില്ല.
2000 രൂപ നോട്ടുകള്‍ മാറ്റുന്നതിനുള്ള സൗകര്യം ആര്‍ബിഐയുടെ 19 റീജിയനല്‍ ഓഫിസുകളിലും (ആര്‍ഒകള്‍) ലഭ്യമാണ്. മാത്രമല്ല, അടുത്തുള്ള ഏതു ബാങ്കിന്റെ ശാഖയിലും നോട്ടുകള്‍ മാറ്റാം.
ആളുകള്‍ക്ക് അവര്‍ക്ക് അക്കൗണ്ടുള്ള ബാങ്കില്‍ 2000 രൂപയുടെ നോട്ടുകള്‍ നിക്ഷേപിക്കാം. 2000 രൂപ നോട്ടുകള്‍ക്ക് നിക്ഷേപ പരിധിയില്ല. പക്ഷേ, കെവൈസി, മറ്റ് ക്യാഷ് ഡെപ്പോസിറ്റ് മാനദണ്ഡങ്ങള്‍ ബാധകമായിരിക്കും.
ആദായനികുതി ചട്ടങ്ങളിലെ ബ്യൂള്‍ 114 ബി പ്രകാരം, പോസ്റ്റ് ഓഫിസിലോ ബാങ്കിലോ ഒരു ദിവസത്തിനുള്ളില്‍ 50,000 രൂപയില്‍ അധികം നിക്ഷേപിക്കുന്നതിന് പാന്‍ നമ്പര്‍ നിര്‍ബന്ധമാണ്.