കോഴിക്കോട്: മാദ്ധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തു. ഐപിസി 354 എ (ലൈംഗികാതിക്രമം) പ്രകാരം സ്റ്റേഷന്‍ ജാമ്യം ലഭിക്കാത്ത കേസാണെടുത്തത്. രണ്ട് വര്‍ഷം വരെ തടവോ പിഴയോ അല്ലെങ്കില്‍ രണ്ടു കൂടിയോ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. ശനിയാഴ്ച ഉച്ചയോടെ മാദ്ധ്യമപ്രവര്‍ത്തക കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതി അന്വേഷണത്തിനായി നടക്കാവ് പൊലീസിന് കൈമാറി. തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ദിവസം ഇഷ്ടമില്ലാത്ത ചോദ്യംചോദിച്ചപ്പോഴാണ് സുരേഷ് ഗോപി മാദ്ധ്യമപ്രവര്‍ത്തകയുടെ തോളില്‍ രണ്ട് തവണ കൈവയ്ക്കുകയും മോളെ എന്നു വിളിക്കുകയും ചെയ്തത്. സംഭവത്തില്‍ മാദ്ധ്യമപ്രവര്‍ത്തകയുടെ പരാതി ലഭിച്ചെന്നും കോഴിക്കോട് ജില്ലാ പൊലീസ് മേധാവിയോട് 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ പി.സതീദേവി പറഞ്ഞു. മാപ്പ് പറഞ്ഞാല്‍ തീരുന്ന പ്രശ്‌നമല്ലെന്നും വിഷയത്തെ ഗൗരവമായാണ് വനിതാ കമ്മിഷന്‍ കാണുന്നതെന്നും സതീദേവി അറിയിച്ചു.