ന്യൂഡല്‍ഹി: വരുന്ന തിരഞ്ഞെടുപ്പില്‍ ജാതി സെന്‍സസ് പ്രധാന പ്രചാരണ വിഷയമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. രാജ്യവ്യാപകമായി ജാതി സെന്‍സസ് നടപ്പാക്കണമെന്ന് ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന പ്രവര്‍ത്തകസമിതിയോഗം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സെന്‍സസ് നടപ്പാക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചു. ജാതി സെന്‍സസുമായി മുന്നോട്ട് പോകുമെന്നും ഇക്കാര്യം കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗീകരിച്ചുവെന്നും രാഹുല്‍ ഗാന്ധി എം.പി.മാദ്ധ്യമങ്ങളെ അറിയിച്ചു.പുരോഗമനപരമായ ഒരു കാഴ്ചപ്പാടാണ് തീരുമാനമെന്ന് കരുതുന്നു. ഇന്ത്യാ സഖ്യത്തിലെ ഭൂരിപക്ഷം പാര്‍ട്ടികളും ജാതി സെന്‍സസിന് അനുകൂലമാണെന്നും രാഹുല്‍ പറഞ്ഞു. രാജ്യത്തിന്റെ നന്മയ്ക്ക് ജാതി സെന്‍സസ് അനിവാര്യമാണ്. എന്നാല്‍ സെന്‍സസ് പ്രാവര്‍ത്തികമാക്കാന്‍ പ്രധാനമന്ത്രിക്ക് കഴിവില്ല. കോണ്‍ഗ്രസിന്റെ നാല് മുഖ്യമന്ത്രിമാരില്‍ മൂന്ന് പേരും ഒ.ബി.സി വിഭാഗത്തില്‍ നിന്നാണ്. അതേസമയം, 10 ബിജെപി മുഖ്യമന്ത്രിമാരില്‍ ഒരു മുഖ്യമന്ത്രി മാത്രമാണ് ഒബിസി വിഭാഗത്തില്‍ നിന്നുള്ളതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.