കൊല്ലം: ഒരു പിടി നല്ലസിനിമകളുടെ നിര്‍മ്മാതാവും കശുവണ്ടി വ്യവസായിയുമായ അച്ചാണി രവി
(കെ.രവീന്ദ്രനാഥന്‍ നായര്‍ 90) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നാണ് അന്ത്യം. അച്ചാണി രവി, ജനറല്‍ പിക്ചേഴ്സ് എന്നീ പേരുകളിലാണ് രവീന്ദ്രനാഥന്‍നായര്‍ പ്രധാനമായും അറിയപ്പെട്ടിരുന്നത്. 1967 ല്‍ ആരംഭിച്ച ജനറല്‍ പിക്ചേഴ്സിന്റെ ബാനറിലാണ് പ്രശസ്തമായ നിരവധി മലയാള സിനിമകള്‍ നിര്‍മ്മിച്ചത്. ആദ്യചിത്രം അന്വേഷിച്ചു കണ്ടെത്തിയില്ല ആണ്. ലക്ഷപ്രഭു, കാട്ടുകുരങ്ങ്, അച്ചാണി എന്നീ ചിത്രങ്ങളാണ് പിന്നീട് നിര്‍മ്മിച്ചത്.
കാഞ്ചനസീത, തമ്പ്, കുമ്മാട്ടി, എസ്തപ്പാന്, പോക്കുവെയില്‍ എന്നീ അരവിന്ദന് സിനിമകളുടെയും എലിപ്പത്തായം, മുഖാമുഖം, അനന്തരം, വിധേയന് എന്നീ അടൂര്‍ ചിത്രങ്ങളുടെയും നിര്‍മ്മാതാവാണ്. ആകെ നിര്‍മ്മിച്ച 14 സിനിമകള്‍ക്ക് 18 ദേശീയ സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി.ഡാനിയല്‍ പുരസ്കാരം നല്കി കേരളം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
കൊല്ലത്തെ പ്രമുഖ കശുവണ്ടി വ്യവസായി കൊച്ചുപിലാംമൂട് കൃഷ്ണവിലാസം ബംഗ്ലാവില്‍ വെണ്ടര്‍ കൃഷ്ണപ്പിള്ളയുടെയും നാണിയമ്മയുടെയും 8 മക്കളില്‍ അഞ്ചാമനായി 1933 ജൂലായ് 3 നായിരുന്നു ജനനം.
കൊല്ലം പബ്ലിക് ലൈബ്രറി, സോപാനം കലാകേന്ദ്രം, ചില്‍ഡ്രന്‍സ് ലൈബ്രറി, ആര്‍ട് ഗാലറി, ബാലഭവന് കെട്ടിടം, ജില്ലാ ആശുപത്രി തുടങ്ങി ഒട്ടേറെ സംരംഭങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ചു. വിജയലക്ഷ്മി കാഷ്യൂ കമ്പനിയുടെ പേരില്‍ സംസ്ഥാനത്തിനകത്തും പുറത്തുമായി 115 ഫാക്ടറികള്‍ ആരംഭിച്ച അദ്ദേഹം അരലക്ഷത്തോളം തൊഴിലാളികള്‍ക്ക് ജോലി നല്കി.
ഗായികയായ ഉഷ രവി(പരേത) ആണ് ഭാര്യ.മക്കള്‍: പ്രതാപ് നായര്‍, പ്രീത, പ്രകാശ് നായര്‍. മരുമക്കള്‍: രാജശ്രീ, സതീഷ് നായര്‍, പ്രിയ.