ന്യൂഡല്‍ഹി: മറ്റിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടി മണിപ്പുരില്‍ നടന്നതിനെ ന്യായീകരിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഢ്. സ്ത്രീകളെ നഗ്നരാക്കി നടത്തിയ കേസിന്റെ വിചാരണ മണിപ്പുരില്‍നിന്ന് മറ്റൊരു സംസ്ഥാനത്തേയ്ക്ക് മാറ്റണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചപ്പോഴാണ് ചീഫ് ജസ്റ്റീസിന്റെ പ്രതികരണം. ബംഗാളിലും രാജസ്ഥാനിലും ചത്തീസ്ഗഢിലും സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചു സംസാരിച്ച ഒരു അഭിഭാഷകനുള്ള മറുപടിയായിട്ടായിരുന്നു ചീഫ് ജസ്റ്റീസിന്റെ പ്രതികരണം. 'സ്ത്രീകള്‍ക്കെതിരെ എല്ലായിടത്തും അതിക്രമങ്ങള്‍ നടക്കുന്നുണ്ടെന്ന വസ്തുത പറയുന്നതുകൊണ്ട് പ്രത്യേകിച്ച് നേട്ടമില്ല. മറ്റിടങ്ങളിലും സമാനമായ അതിക്രമങ്ങള്‍ നടക്കുന്നു എന്നതുകൊണ്ട് മണിപ്പുരില്‍ സംഭവിച്ചതിനെ ന്യായീകരിക്കാനാകില്ല. നിങ്ങളതിനെ എങ്ങനെയാണ് നേരിടുന്നതെന്നതാണ് ചോദ്യം. രാജ്യത്തെ എല്ലാ പെണ്മക്കളെയും സംരക്ഷിക്കണം എന്നാണോ അതോ ആരെയും സംരക്ഷിക്കേണ്ട എന്നാണോ പറയുന്നത്' ചീഫ് ജസ്റ്റീസ് ചോദിച്ചു. റിജസ്റ്റര്‍ ചെയ്ത 6000 എഫ്ഐആറില്‍ എത്രയെണ്ണം സ്ത്രീകള്‍ക്ക് എതിരായ അത്രികമണങ്ങളുടെ പേരില്‍ ചുമത്തിയതാണെന്നും കോടതി ചോദിച്ചു. മണിപ്പുരില്‍ പൊതുജനമദ്ധ്യത്തില്‍ നഗ്നരാക്കി അപമാനിക്കപ്പെട്ട സംഭവത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ അക്രമത്തിനിരയായ സ്ത്രീകള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കേസില്‍ സുപ്രീം കോടതി സ്വമേധയാ നടപടിയെടുക്കണമെന്നും നിഷ്പക്ഷമായ അന്വേഷണത്തിന് ഉത്തരവിടണമെന്നും വ്യക്തിത്വം സംരക്ഷിക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം.