ബംഗളുരു: ഇന്ത്യയുടെ ചാന്ദ്രദൗത്യം ചന്ദ്രയാന്‍ 3ന്റെ വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയപ്പോള്‍ ടണ്‍ കണക്കിന് പൊടിപടലങ്ങളും (മൂണ്‍ ഡസ്റ്റ്/ ലൂണാര്‍ എപ്പിറെഗോലിത്ത്) പാറകളും പറന്നുവെന്നും ഇത് ലാന്‍ഡറിന് ചുറ്റും തേജോവലയം (എജക്റ്റ ഹാലോ) തീര്‍ത്തെന്നും ഐഎസ്ആര്‍ഒ.
വിക്രം ലാന്‍ഡര്‍ ഇറങ്ങിയ പ്രദേശത്തിന് ചുറ്റുമുള്ള 108.4 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ഏകദേശം 2.06 ടണ്‍ പൊടിപടലങ്ങള്‍ വീണതായാണ് നാഷണല്‍ റിമോട്ട് സെന്‍സിംഗ് സെന്ററിലെ ശാസ്ത്രജ്ഞര്‍ കണക്കാക്കുന്നതെന്ന് ഐഎസ്ആര്‍ഒ പറഞ്ഞു. ചന്ദ്രയാന്‍-2 ഓര്‍ബിറ്ററിലെ ഓര്‍ബിറ്റര്‍ ഹൈ-റെസല്യൂഷന്‍ കാമറയില്‍ പതിഞ്ഞ പാന്‍ക്രോമാറ്റിക് ചിത്രങ്ങളില്‍നിന്നാണ് ഇക്കാര്യങ്ങള്‍ സ്ഥിരീകരിച്ചത്. വിക്രം ലാന്‍ഡര്‍ ഇറങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പും ശേഷവും ലഭിച്ച ചിത്രങ്ങള്‍ താരതമ്യം ചെയ്തായിരുന്നു പഠനം.
ലാന്‍ഡറിനെ വലയം ചെയ്യുന്ന 'എജക്റ്റ ഹാലോ' രൂപപ്പെട്ടതും ഈ ചിത്രങ്ങളില്‍ നിന്നാണ് വ്യക്തമായത്. ഇത്തരം സാഹചര്യങ്ങളില്‍ ചന്ദ്രോപരിതലത്തിലും ചാന്ദ്ര വസ്തുക്കളിലും ഉണ്ടാകുന്ന മാറ്റത്തെക്കുറിച്ചുള്ള ഗവേഷണത്തിന് സഹായിക്കുന്നതാണ് ഈ കണ്ടെത്തല്‍. ഇന്ത്യന്‍ സൊസൈറ്റി ഓഫ് റിമോട്ട് സെന്‍സിംഗിന്റെ ജേണലില്‍ ഈ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഓഗസ്റ്റ് 23ന് ആണ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയത്. ആദ്യത്തെ 10 ദിവസം കൊണ്ട് ലക്ഷ്യങ്ങളെല്ലാം നിറവേറ്റി. റോവര്‍ ചന്ദ്രനില്‍ ഏകദേശം 100 മീറ്റര്‍ സഞ്ചരിച്ചു. ലാന്‍ഡറിനെ ഒരിക്കല്‍ക്കൂടി ഉയര്‍ത്തി തിരിച്ചിറക്കാനും കഴിഞ്ഞു. ചന്ദ്രമണ്ണിലെ താപനില, പ്രകമ്പനങ്ങള്‍, മൂലക സാന്നിദ്ധ്യം എന്നിങ്ങനെ പല വിലപ്പെട്ട വിവരങ്ങളും ദൗത്യം ഇതിനിടെ കൈമാറി. ചന്ദ്രനില്‍ സൂര്യാസ്തമായതോടെ സ്ലീപ് മോഡിലായ ലാന്‍ഡറും റോവറും ഇപ്പോള്‍ സുഷുപ്തിയിലാണ്.