പാര്‍ലമെന്റ് ഉദ്ഘാടനച്ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌കരിക്കും;
രാഷ്ട്രപതിയെ ഒഴിവാക്കിയത് അവഹേളനം
ന്യൂഡല്‍ഹി: കോണ്‍ഗ്രസ്, ആം ആദ്മി, ഡ്എംകെ, തൃണമൂല്‍കോണ്‍ഗ്രസ്, സിപിഎം തുടങ്ങി 19 പ്രതിപക്ഷ പാര്‍ട്ടികള്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്‌കരിക്കും. ചടങ്ങില്‍ നിന്ന് രാഷ്ട്രപതിയെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം. രാഷ്ട്രപതിയെ ഒഴിവാക്കിയത് ജനാധിപത്യത്തോടുള്ള അവഹേളനമാണെന്ന് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ ആരോപിച്ചു. പ്രോട്ടോക്കോള്‍ ലംഘനം നടത്തി പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യാനുള്ള തീരുമാനത്തിലൂടെ രാഷ്ട്രപതിയെ മാത്രമല്ല ജനാധിപത്യത്തെക്കൂടി പ്രധാനമന്ത്രി അപമാനിച്ചിരിക്കുകയാണെന്ന് പ്രസ്താവന കുറ്റപ്പെടുത്തുന്നു.
രാഷ്ട്രപതിയെ മാറ്റിനിര്‍ത്തി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് രാജ്യത്തിനാകെ അപമാനമാണ്. മന്ദിരം നിര്‍മ്മിച്ചത് യാതൊരു കൂടിയാലോചനയുമില്ലാതെയാണ്. ഈ സര്‍ക്കാര്‍ ജനാധിപത്യത്തിന് ഭീഷണിയാണ്.
രാഷ്ട്രപതികൂടി ഉള്‍പ്പെടുന്നതാണ് പാര്‍ലമെന്റ് എന്ന് ഭരണഘടനയുടെ 79-ാം ആര്‍ട്ടിക്കിള്‍ പറയുന്നുണ്ട്. രാഷ്ട്രപതി രാഷ്ട്രത്തിന്റെയും പാര്‍ലമെന്റിന്റെയും തലവനാണ്. രാഷ്ട്രപതിയില്ലാതെ പാര്‍ലമെന്റ് പ്രവര്‍ത്തിക്കില്ല. പാര്‍ലമെന്റില്‍ നിന്ന് ജനാധിപത്യം പുറന്തള്ളപ്പെടുമ്പോള്‍ പുതിയ കെട്ടിടത്തിന് യാതൊരു മൂല്യവുമില്ല. അതിനാലാണ് പുതിയ പാര്‍ലമെന്റ് ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ അറിയിച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് നടക്കാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം. ലോക്‌സഭാ സെക്രട്ടറി ജനറല്‍ എംപിമാര്‍ക്ക് ഓദ്യോഗികമായി കത്തയച്ചു തുടങ്ങി. ലോക്‌സഭാ സ്പീക്കറുടെ സാന്നിദ്ധ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മന്ദിരം ഉദ്ഘാടനം ചെയ്യുമെന്നാണ് കത്തില്‍ സൂചിപ്പിച്ചിട്ടുള്ളത്.