കൊച്ചി: കരുവന്നൂര്‍ ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ച കേസില്‍ വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറും സിപിഎം പ്രാദേശിക നേതാവുമായ പി.ആര്‍. അരവിന്ദാക്ഷനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അറസ്റ്റ് ചെയ്തു. വടക്കാഞ്ചേരിയിലെ വീട്ടിലെത്തിയാണ് അരവിന്ദാക്ഷനെ ഇഡി കസ്റ്റഡിയിലെടുത്തത്. കരുവന്നൂര്‍ ബാങ്ക് വായ്പാ തട്ടിപ്പില്‍ ഇ ഡിക്ക് ഏറ്റവും കൂടുതല്‍ വിവരങ്ങള്‍ കൈമാറിയ രണ്ടുപേരാണ് പ്രാദേശിക സിപിഎം നേതാവായ പി.ആര്‍. അരവിന്ദാക്ഷനും ഇടനിലക്കാരനായ കെ.എ. ജിജോറും. ഇവരുടെ മൊഴികളുടെയും കൈമാറിയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ഒന്നാം പ്രതി പി.സതീഷ്‌കുമാര്‍, രണ്ടാം പ്രതി പി പി. കിരണ്‍ എന്നിവരെ ഇ.ഡി. അറസ്റ്റ് ചെയ്തത്. വടക്കാഞ്ചേരി സിപിഎം ഏരിയാ കമ്മിറ്റിയംഗവും മുന്‍ ലോക്കല്‍ സെക്രട്ടറിയുമായ അരവിന്ദാക്ഷന്‍ ഇപ്പോള്‍ നഗരസഭാസ്ഥിരം സമിതി അദ്ധ്യക്ഷനുമാണ്. എ.സി. മൊയ്തീന്റെ വിശ്വസ്തനുമാണ്. ചോദ്യചെയ്യലിനിടെ ഇ ഡി ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് അരവിന്ദാക്ഷന്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.മുളവടികൊണ്ടു തന്നെ തുടര്‍ച്ചയായി മര്‍ദ്ദിച്ചുവെന്നും കുനിച്ചുനിര്‍ത്തി കഴുത്തിലിടിച്ചെന്നും അരവിന്ദാക്ഷന്‍ ആരോപിച്ചിരുന്നു.