ചെന്നൈ: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ സിനിമാ, റിയാലിറ്റി ഷോ താരം എറണാകുളം പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് കരീം (34) പിടിയിലായി. ചെന്നൈ വിമാനത്താവളത്തില്‍ വച്ചാണ് ഷിയാസ് കരീമിനെ പിടികൂടിയത്. ഗള്‍ഫില്‍ നിന്നെത്തിയ ഷിയാസിനെ കസ്റ്റംസ് ചെന്നൈ വിമാനത്താവളത്തില്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. ചെന്നൈ കസ്റ്റംസ് വിഭാഗം ഇക്കാര്യം ചന്തേര പൊലീസിനെ അറിയിച്ചിട്ടുണ്ട്. പൊലീസ് സംഘം ചെന്നൈയില്‍ എത്തി ഷിയാസിന്റെ അറസ്റ്റ് രേഖപ്പെടുത്തും.ഷിയാസ് കരീമിനെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചെന്നൈ വിമാനത്താവളത്തില്‍ കസ്റ്റംസ് തടഞ്ഞത്.
ജിമ്മില്‍ പരിശീലകയായ പടന്ന സ്വദേശിനിയുടെ പരാതിയിലാണ് ചന്തേര പൊലീസ് ഷിയാസിനെതിരെ കേസെടുത്തത്. വിവാഹബന്ധം വേര്‍പിരിഞ്ഞ 32 വയസുകാരിയെ വിവാഹ വാദ്ഗാനം നല്‍കി 2021 മുതല്‍ 2023 മാര്‍ച്ച് വരെ എറണാകുളത്തെ ലോഡ്ജിലും മൂന്നാറിലും വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. ഷിയാസ് പല തവണകളായി 11 ലക്ഷം രൂപ കൈക്കലാക്കിയതായും ചെറുവത്തൂരില്‍ വച്ച് കൈയേറ്റം ചെയ്തതായും പരാതിയിലുണ്ട്. ഷിയാസ് കരീം മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതിനിടെയാണ് യുവതി പരാതിയുമായി എത്തിയത്.
നേരത്തെ, താന്‍ ജയിലിലല്ലെന്നും ദുബായിലാണെന്നും വ്യക്തമാക്കി ഷിയാസ് കരീം ഫേസ്ബുക്കിലൂടെ കുറിപ്പിട്ടിരുന്നു. 'കുറേ ആളുകള്‍ എന്റെ പേരില്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നുണ്ട്. ഞാന്‍ ജയിലിലല്ല. ഞാന്‍ ദുബായിലുണ്ട്. ഇവിടെ നല്ല അരി കിട്ടും എന്നറിഞ്ഞിട്ട് വാങ്ങാന്‍ വന്നതാണ്. നാട്ടില്‍ വന്നിട്ട് അരിയൊക്കെ ഞാന്‍ തരുന്നുണ്ട്' എന്നായിരുന്നു ഷിയാസ് കരീമിന്റെ പോസ്റ്റ്. പീഡനപരാതിയുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നതിനെതിരെയും വിഡിയോയില്‍ പരാമര്‍ശമുണ്ടായിരുന്നു.