Header ads

CLOSE

മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അട്ടിമറി; എന്‍സിപി പിളര്‍ത്തി അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി

മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അട്ടിമറി; എന്‍സിപി പിളര്‍ത്തി അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി

മുംബൈ:മഹാരാഷ്ട്രയില്‍ വലിയൊരു രാഷ്ട്രീയ അട്ടിമറിയിലൂടെ എന്‍സിപി പിളര്‍ത്തിയ അജിത് പവാര്‍  ഷിന്‍ഡെ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്‍സിപി വിട്ട് അജിത് പവാറിനൊപ്പം എത്തിയ 29 എംഎല്‍എമാരില്‍ എട്ട് പേരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ധര്‍മ്മറാവു അത്രം, സുനില്‍ വല്‍സാദെ, അതിഥി താക്കറെ, ഹസന്‍ മുഷ്‌റിഫ്, ഛഗന്‍ ഭുജ്ബല്‍, ധനഞ്ജയ് മുണ്ടെ, അനില്‍ പാട്ടീല്‍, ദിലീപ് വല്‍സെ പതി എന്നിവരാണ് മന്ത്രിമാരായത്.  ശരദ് പവാറിന്റെ വിശ്വസ്തനായി അറിയപ്പെടുന്ന നേതാവാണ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഛഗന്‍ ഭുജ്ബല്‍.  അജിത് പവാറിന്റെ നീക്കത്തില്‍ ശരദ് പവാര്‍ ഞെട്ടല്‍ രേഖപ്പെടുത്തി. അതേസമയം, എന്‍സിപി തലവന്‍ ശരദ് പവാറിന്റെ ആശീര്‍വാദത്തോടെയാണ് അജിത് പവാറിന്റെ നീക്കമെന്നും സൂചനയുണ്ട്. തീര്‍ത്തും അപ്രതീക്ഷിതമായ രാഷ്ട്രീയ നീക്കത്തിലൂടെയാണ് തന്നെ പിന്തുണയ്ക്കുന്ന 29 എംഎല്‍എമാര്‍ക്കൊപ്പം അജിത് പവാര്‍ രാജ്ഭവനിലെത്തിയത്. എന്‍സിപിക്ക് മഹാരാഷ്ട്ര നിയമസഭയില്‍ ആകെ 53 അംഗങ്ങളാണുള്ളത്. അവരില്‍ 30 പേരും സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച് കൂറുമാറി. ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിനൊപ്പമാണ് ഇവര്‍ രാജ്ഭവനിലെത്തിയത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും രാജ്ഭവനിലെത്തിയിരുന്നു.
   മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയാനുള്ള ആഗ്രഹം അജിത് പവാര്‍ പരസ്യമായി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ദേശീയ രാഷ്ട്രീയത്തെ ഞെട്ടിച്ചുകൊണ്ടുള്ള അപ്രതീക്ഷിത നീക്കം.ഇന്ന് രാവിലെ അജിത് പവാറിന്റെ മുംബൈയിലെ വസതിയില്‍ എന്‍സിപി എംഎല്‍എമാരില്‍ ഒരു വിഭാഗം യോഗം ചേര്‍ന്നിരുന്നു. പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റ് സുപ്രിയ സുളെ, മുതിര്‍ന്ന നേതാവ് ഛഗന്‍ ഭുജ്ബല്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.
2019ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശിവസേന-ബിജെപി സഖ്യത്തിന് കൂടുതല്‍ സീറ്റ് ലഭിച്ചെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം കാരണം സര്‍ക്കാര്‍ രൂപീകരിക്കാനായില്ല. തുടര്‍ന്ന് ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് എന്നീ കക്ഷികള്‍ ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കത്തിനിടെ് അജിത് പവാര്‍ മറുകണ്ടം ചാടി ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. എന്നാല്‍ പാര്‍ട്ടിയില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് അജിത് പവാര്‍ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവച്ച് തിരിച്ചെത്തി മഹാ വികാസ് അഘാഡി (എംവിഎ) സര്‍ക്കാര്‍ രൂപീകരണത്തിന് ശ്രമിച്ചു.
ഇതിനിടെ, ശിവസേന പിളര്‍ത്തി ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ഒപ്പമെത്തിയതോടെ ബിജെപി വീണ്ടും സര്‍ക്കാര്‍ രൂപീകരിച്ചു. ഈ സര്‍ക്കാരിന് കൂടുതല്‍ സ്ഥിരതയും ബലവും നല്‍കുന്നതാണ് അജിത് പവാറിന്റെ ഇപ്പോഴത്തെ നീക്കം.
 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads